| Sunday, 24th March 2024, 10:28 pm

ജെ.എന്‍.യുവിനെ ചെങ്കടലാക്കി ഇടതുസഖ്യം; നാല് സീറ്റിലും വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് വിജയം. പ്രസിഡന്റായി ഇടതുസഖ്യ സ്ഥാനാര്‍ത്ഥി ഐസയില്‍ നിന്നുള്ള ധനഞ്ജയ് 922 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വൈസ് പ്രസിഡന്റായി എസ്.എഫ്.ഐയുടെ അവിജിത് ഘോഷ് 927 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജനറല്‍ സെക്രട്ടറിയായി ബാപ്‌സയുടെ പ്രിയാന്‍ഷി 926 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇടതുസഖ്യത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കിയതോടെയാണ് ഇടതുപാര്‍ട്ടികള്‍ ബാപ്‌സക്ക് പിന്തുണ പ്രഖ്യാപിച്ചത്. ജോയിന്റെ സെക്രട്ടറിയായി എ.ഐ.എസ്.എഫിലെ എ.ഒ സാജിദ് 508 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പാനലുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. ഇവരെ കൂടാതെ തെരഞ്ഞെടുക്കപ്പെട്ട 42 കൗണ്‍സിലര്‍മാരില്‍ 30 പേരും ഇടതുസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളാണ്‌

1966-67ല്‍ ബട്ടിലാല്‍ ബൈര്‍വയ്ക്ക് ശേഷമുള്ള ഇടതുപക്ഷത്തില്‍ നിന്നുള്ള ജെ.എന്‍.യുവിന്റെ ആദ്യത്തെ ദളിത് പ്രസിഡന്റാണ്‌ ധനഞ്ജയ് . കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ജുനൈദ് റാസ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഫര്‍ഹീന്‍ സെയ്ദി എന്നിവരാണ് മത്സരിച്ചത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് ബിശ്വജിത് മിന്‍ജി, വൈസ് പ്രസിഡന്റായി എം.ഡി. അനസ്, ജോയിന്റ് സെക്രട്ടറിയായി പ്രിയാന്‍ഷി ആര്യ, ജനറല്‍ സെക്രട്ടറിയായി രൂപക് കുമാര്‍ സിങ് എന്നിവരായിരുന്നു ബി.എ.പി.എസ്.എയുടെ മത്സരാര്‍ത്ഥികള്‍.

ഇത്തവണ നാല് സ്ഥാനങ്ങളിലേക്ക് 19 സ്ഥാനാര്‍ത്ഥികളും സ്‌കൂള്‍ കൗണ്‍സിലര്‍മാരായി 42 പേരും മത്സരരംഗത്തുണ്ട്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് കൂടിയാണ്. നാല് വര്‍ഷത്തിന് ശേഷമാണ് ജെ.എന്‍.യുവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

2019ല്‍ എ.ഐ.എസ്.എ (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍), എസ്.എഫ്.ഐ (സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ), ഡി.എസ്.എഫ് (ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) എ.ഐ.എസ്.എഫ് (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) എന്നിവ ഉള്‍പ്പെടുന്ന യുണൈറ്റഡ്-ലെഫ്റ്റ് സഖ്യത്തിന്റെ ബാനറിന് കീഴില്‍ മത്സരിച്ച എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ഐഷേ ഘോഷ് പ്രസിഡന്റ് ആയി വിജയിച്ചിരുന്നു.

Content Highlight: Reportedly, Left Alliance is leading in four out of four seats as the counting of JNU student union elections is in progress

We use cookies to give you the best possible experience. Learn more