| Saturday, 10th February 2024, 7:56 pm

റഫയില്‍ ഇസ്രഈലി സൈന്യത്തിന്റെ നരനായാട്ട്; ആക്രമണം നഗരത്തെ മുഴുവനായി ഇല്ലാതാക്കണമെന്ന നെതന്യാഹുവിന്റെ ഉത്തരവിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: റഫയില്‍ സയണിസ്റ്റ് ഭരണകൂടമായ ഇസ്രഈലിന്റ സൈന്യം കനത്ത ബോംബാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഗസയിലെ റഫ മേഖലയില്‍ ശക്തമായ ആക്രമണം അഴിച്ചുവിടണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈനികരോട് ഉത്തരവിട്ടതിന് പിന്നാലെയാണ് ബോംബാക്രമണം.

പുതിയ പദ്ധതികളുടെ അടിസ്ഥാനത്തില്‍ റഫ നഗരത്തില്‍ ഇസ്രഈലി സൈന്യം പുതിയ ആക്രമണങ്ങള്‍ നടത്തിയതായി ഔദ്യോഗിക ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

റഫയുടെ വടക്ക് ഭാഗത്തായി അല്‍ നാസര്‍ സമീപപ്രദേശത്തുള്ള ഒരു വീടിനെ നേരെ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 താമസക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഖാന്‍ യൂനിസിലെ അല്‍ അമല്‍ ആശുപത്രിയില്‍ സൈന്യം തുടര്‍ച്ചയായി റെയ്ഡ് നടത്തുന്നതായും നഗരത്തിലെ നാസര്‍ കോംപ്ലക്സിന്റെ മുറ്റത്തുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും ഫലസ്തീന്‍ സഫ ന്യൂസ് ഏജന്‍സി അറിയിച്ചു. നഗരത്തിന് കിഴക്ക് ഭാഗത്ത് അല്‍ ജെനീന പരിസരത്തുള്ള ഒരു വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലെ നാല് ഡോക്ടര്‍മാരും പരിക്കേറ്റ നാല് വ്യക്തികളും അഞ്ച് രോഗികളുടെ കൂട്ടാളികളും അടങ്ങുന്ന എട്ട് അംഗങ്ങളെ ഇസ്രഈലി സൈന്യം ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ മാധ്യമങ്ങളെ അറിയിച്ചു.

മെഡിക്കല്‍ കോംപ്ലക്‌സിലെ സാഹചര്യം വളരെ അപകടകരമാണെന്നും ഇസ്രഈല്‍ ഭരണകൂടത്തിന്റെ ഷെല്ലാക്രമണം കാരണം ജീവനക്കാര്‍ക്ക് കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് മുന്നോട്ട് നീങ്ങാന്‍ കഴിയുന്നില്ലെന്നും നാസര്‍ ആശുപത്രിയിലെ സര്‍ജനായ അഹമ്മദ് മൊഗ്രാബി വ്യക്തമാക്കി.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 27,947 ആയി വര്‍ധിച്ചുവെന്നും 67,400 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 107 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Reportedly, Israel’s army bombarded Rafah

We use cookies to give you the best possible experience. Learn more