| Monday, 30th September 2024, 10:09 pm

ലെബനന്‍ അതിര്‍ത്തികളില്‍ ഇസ്രഈല്‍ ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്റൂട്ട്: ലെബനന്‍ അതിര്‍ത്തികള്‍ മറികടന്ന് ഇസ്രഈലി സൈന്യം റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇസ്രഈലിനും ലെബനനും ഇടയിലായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയുടെ തുരങ്കങ്ങളില്‍ സൈന്യം പ്രവേശിച്ചതായും സൂചനയുണ്ട്.

വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഹിസ്ബുല്ലയുടെ തുരങ്കങ്ങളില്‍ ഇസ്രഈലി സൈന്യം പ്രവേശിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലെബനന് നേരെയുള്ള ആക്രമണം ശക്തമാക്കുന്നതിനായി ഇസ്രഈല്‍ രഹസ്യാന്വേഷണം ശക്തമാക്കിയതായും അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ റെയ്ഡുകള്‍ ഹിസ്ബുല്ല അനുയായികള്‍ ഒളിവിലിരിക്കുന്ന തുരങ്കങ്ങള്‍ കണ്ടുപിടിക്കാന്‍ ഉള്ളതാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് ഇസ്രഈല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

യു.എസ് ഉദ്യോഗസ്ഥനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഇസ്രഈല്‍ ലെബനനില്‍ ഗ്രൗണ്ട് ഓപ്പറേഷന്‍ ആസൂത്രണം ചെയ്യുന്നതായി വാഷിങ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈൽ നടത്താനിരിക്കുന്ന ആക്രമണം ഹിസ്ബുല്ലയ്‌ക്കെതിരെ 2006ല്‍ നടത്തിയ യുദ്ധത്തിനേക്കാള്‍ പരിമിതമായ രീതിയിലായിരിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

ലെബനന്‍ കരയുദ്ധത്തിന്റെ വക്കിലാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യു.എസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി മിഡില്‍ ഈസ്റ്റ് ഐയും റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ കണക്കുകള്‍ പകരം, ഇസ്രഈലിന്റെ വ്യോമാക്രമണത്തില്‍ ലെബനനില്‍ നിന്ന് 10000ത്തിലധികം ആളുകള്‍ പലായനം ചെയ്തിട്ടുണ്ട്. ഭൂരിഭാഗം ആളുകളും സിറിയയിലേക്കാണ് പലായനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ഇസ്രഈല്‍ ബോംബാക്രമണത്തില്‍ ലെബനന്റെ ആരോഗ്യ സംവിധാനം തകര്‍ന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ബെഖയിലെ സിവില്‍ ഡിഫന്‍സ് സെന്ററില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പാരാമെഡിക്കുകള്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയവും റിപ്പോര്‍ട്ട് ചെയ്തു.

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം കൂടുന്നത് മാരകമായ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലെബനനിലെ 118,466 പൗരന്മാരെ മാറ്റിപാര്‍പ്പിച്ചതായും യു.എന്‍ സംഘടന അറിയിച്ചു.

അതേസമയം ഒക്ടോബര്‍ ഒമ്പത് മുതല്‍ ഇസ്രഈല്‍ സൈന്യം ഗസയില്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 41,615 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Reportedly, Israel has launched a ground operation on the Lebanese borders

We use cookies to give you the best possible experience. Learn more