ന്യൂദല്‍ഹി: ആഗോള തലത്തില്‍ നടക്കുന്ന റോഡപകടങ്ങളില്‍ 22 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രതിദിനം 462 പേര്‍ റോഡപകടങ്ങള്‍ മൂലം മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റോഡ് സുരക്ഷാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2023ലെ കണക്കുകള്‍ പ്രകാരമാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സര്‍ക്കാരിനും അധികൃതര്‍ക്കും തടയാന്‍ കഴിയുന്ന പകര്‍ച്ചവ്യാധിയാണ് റോഡപകടങ്ങളെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം.
റോഡ് നിര്‍മാണത്തില്‍ റെക്കോര്‍ഡ് നിക്ഷേപമാണ് ഇന്ത്യ നടത്തുന്നത്. എന്നാല്‍ അപകടങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
2022ല്‍ ഏകദേശം അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് റോഡപകടങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. 1,68,000ത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് 2021നെ അപേക്ഷിച്ച് 9.4 ശതമാനത്തിന്റെ വര്‍ധനവാണ്.
അപകടങ്ങള്‍ രാജ്യത്തിന്റെ മൊത്ത ഉത്പാദനത്തെയും ക്ഷേമത്തെയും ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗുരുതരമായ പിഴവുകളാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
അമിതവേഗത മൂലം 71.2 ശതമാനം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 5.4 ശതമാനം ആളുകളും വാഹനമോടിക്കുന്നത് തെറ്റായ വശത്ത് കൂടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റോഡിന്റെ ഘടന, കാലപ്പഴക്കമുള്ള വാഹനങ്ങള്‍ തുടങ്ങിയവ അപകടങ്ങളുടെ തോത് വര്‍ധിപ്പിക്കുന്നു. 80 ശതമാനം ആളുകളും മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ട്രാന്‍സ്പോര്‍ട്ടേഷന്‍ റിസര്‍ച്ച് ആന്റ് ഇന്‍ജുറി പ്രിവന്‍ഷന്‍ സെന്ററിന്റെ 2023 റിപ്പോര്‍ട്ട് പ്രകാരം അപകടത്തില്‍ മരണപ്പെടുന്നത് 23 ശതമാനം കാല്‍നടക്കാരും സൈക്കിള്‍ യാത്രക്കാരുമാണ്. റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത, ദൃശ്യപരിമിതി, വീതി കുറഞ്ഞ നടപ്പാതകള്‍, തിരക്ക് തുടങ്ങിയ വിഷയങ്ങളാണ് കാല്‍നടക്കാരുടെയും സൈക്കിള്‍ യാത്രക്കാരുടെയും മരണത്തിന് കാരണമാകുന്നത്.
Content Highlight: Reportedly, India accounts for 22 percent of road accidents globally