| Monday, 8th April 2024, 10:13 pm

യെമനിലെ രഹസ്യ എയര്‍സ്ട്രിപ്പില്‍ 'ഐ ലവ് യു.എ.ഇ' എന്നടയാളം; വിവാദമായി ഉപഗ്രഹ ചിത്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: യെമനി ദ്വീപായ അബ്ദുല്‍ കുരിയില്‍ പുതിയതായി നിര്‍മിച്ച രഹസ്യ എയര്‍സ്ട്രിപ്പില്‍ ‘ഐ ലവ് യു.എ.ഇ’ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.

ദ്വീപിലെ എയര്‍സ്ട്രിപ്പില്‍ ഐ ലവ് ദ യു.എ.ഇ എന്ന ചിഹ്നത്തോടുകൂടിയ മണല്‍ കൊത്തുപണികള്‍ കാണുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് അവസാനത്തോടെ പ്ലാനറ്റ് ലാബ്‌സ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

അബ്ദുല്‍ കുരി ദ്വീപ് ഔദ്യോഗികമായി യെമന്റെ അതിര്‍ത്തിയിലാണ്. യെമനിലെ ഹൂതികള്‍ക്കെതിരായി 2015ല്‍ സൗദി നടത്തിയ ആക്രമണത്തിന് ശേഷം ദ്വീപുകളുടെ നിയന്ത്രണം യു.എ.ഇയും സഖ്യകക്ഷിയായ തെക്കന്‍ യെമന്‍ സേനയും ഏറ്റെടുത്തിരുന്നു. എന്നാല്‍ എയര്‍സ്ട്രിപ്പിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉടമസ്ഥാവകാശം യു.എ.ഇ ഇതുവരെ അവകാശപ്പെട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യെമന്‍ ദ്വീപിലെ പുതിയ നിര്‍മാണത്തിന്റെ ഉദ്ദേശമെന്താണെന്ന് വ്യക്തമല്ലെന്നും പ്രദേശത്ത് ഒരു എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതായി ഒരു രാജ്യവും സ്ഥിരീകരണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടില്‍ ഇതുവരെ യെമനും യു.എ.ഇയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം 2022 ജനുവരിയില്‍ ദ്വീപില്‍ എയര്‍സ്ട്രിപ്പിന്റെ നിര്‍മാണം ആരംഭിച്ചതായി എ.പി റിപ്പോര്‍ട്ട് ചെയ്തു. പ്ലാനറ്റ് ലാബ്സില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഈ വാദത്തെ സാധൂകരിക്കുന്നതാണെന്ന് എ.പി പറയുന്നു.

ഇസ്രഈല്‍ അതിക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഗസയിലെ ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യെമനിലെ ഹൂത്തികള്‍ ചെങ്കടലില്‍ ആക്രമണം നടത്തുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഗസയില്‍ സ്ഥിതി വഷളാക്കുന്ന സാഹചര്യത്തിലും ഇസ്രഈലുമായുള്ള ബന്ധം തുടരാനാണ് യു.എ.ഇ നിലവില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും വിവിധ കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Reportedly ‘I love UAE’ marked on newly built secret airstrip on Yemeni island of Abdul Quri

We use cookies to give you the best possible experience. Learn more