മംഗളൂരു: മുന്‍ മന്ത്രി യു.ടി. ഖാദറിനെ കര്‍ണാടക നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാല, ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ യു.ടി. ഖാദറുമായി ചര്‍ച്ച നടത്തിയതായി കര്‍ണാടകയിലെ പ്രാദേശിക മാധ്യമമായ വാര്‍ത്താ ഭാരതി റിപ്പോര്‍ട്ട് ചെയ്തു. ന്യൂനപക്ഷ വിഭാഗത്തിലുള്ള ആളെ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനമെന്നാണ് സൂചന.
സ്പീക്കര്‍ സ്ഥാനത്തേക്കായി ആര്‍.വി. ദേശ്പാണ്ഡെ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീല്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷം യു.ടി ഖാദറിന് നറുക്കുവീഴുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പീക്കറാകാന്‍ ഖാദര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ എന്നിവരുമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.