ഇവരെല്ലാം കൂടി ധോണിയെ 'ഇന്ത്യക്ക് വേണ്ടി കളിക്കാത്ത' താരമായി മാറ്റുമോ? ഐ.പി.എല്ലില്‍ ആ നിയമം വീണ്ടും കൊണ്ടുവരുന്നു
IPL
ഇവരെല്ലാം കൂടി ധോണിയെ 'ഇന്ത്യക്ക് വേണ്ടി കളിക്കാത്ത' താരമായി മാറ്റുമോ? ഐ.പി.എല്ലില്‍ ആ നിയമം വീണ്ടും കൊണ്ടുവരുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th August 2024, 9:37 pm

ഐ.പി.എല്‍ 2025ന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടീമുകള്‍ക്ക് എത്ര താരങ്ങളെ വരെ നിലനിര്‍ത്താന്‍ സാധിക്കും എന്ന കാര്യത്തില്‍ ഇനിയും തീരുമാനമാകാത്ത സാഹചര്യത്തില്‍ ടീമുകള്‍ക്ക് ആരെയെല്ലാം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ദേശീയ ടീമിനായി അരങ്ങേറാത്ത അണ്‍ക്യാപ്ഡ് താരങ്ങളുടെയും നാഷണല്‍ ജേഴ്‌സിയില്‍ കളിച്ച് വിരമിച്ച ‘അണ്‍ക്യാപ്ഡ്’ താരങ്ങളെയും സംബന്ധിക്കുന്ന പഴയ നിയമം ബി.സി.സി.ഐ ഇത്തവണ തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അന്താരാഷ്ട്ര തലത്തില്‍ നിന്നും വിരമിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന താരങ്ങളെ അണ്‍ക്യാപ്ഡ് താരങ്ങളായി കണക്കാക്കുന്ന നിയമം ബി.സി.സി.ഐ വീണ്ടും തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ 2021 വരെ ഈ നിയമം നിലവിലുണ്ടായിരുന്നു. ഇതിഹാസ താരം എം.എസ്. ധോണിയെ ടീമിന്റെ ഭാഗമാക്കി നിലനിര്‍ത്തുന്നതിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ നിയമം വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റ് ടീമുകളെല്ലാം തന്നെ ഈ നീക്കത്തെ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഒരു താരത്തെ അണ്‍ക്യാപ്ഡ് പ്ലെയറായി കണക്കാക്കുന്നത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ അനാദരവായിരിക്കുമെന്നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമയായ കാവ്യ കലാനിധിമാരന്‍ പറഞ്ഞത്.

ലേലത്തില്‍ സ്വന്തമാക്കിയ ഒരു അണ്‍ക്യാപ്ഡ് താരത്തിന് വിരമിച്ച താരത്തെ അണ്‍ക്യാപ്ഡ് താരമായി നിലനിര്‍ത്തിയതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിരമിക്കല്‍ പ്രഖ്യാപിച്ച താരത്തെ ലേലത്തിന്റെ ഭാഗമാകാന്‍ അനുവദിക്കണമെന്നും കാവ്യ പറഞ്ഞു.

വിരമിച്ച താരത്തെ അണ്‍ക്യാപ്ഡ് താരമായി നിലനിര്‍ത്തുന്ന തീരുമാനത്തെ ചെന്നൈ സൂപ്പര്‍ കിങ്സ് ഒഴികെയുള്ള ഒരു ടീമുകളും പിന്തുണയ്ക്കുന്നില്ലെന്ന് മറ്റൊരു ടീമിന്റെ സി.ഇ.ഒയും വ്യക്തമാക്കി.

43കാരനായ ധോണി മറ്റൊരു ഐ.പി.എല്‍ കളിക്കുമോ എന്ന ചോദ്യം ഏറെ കാലമായി ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്നതാണ്. 2023ല്‍ സൂപ്പര്‍ കിങ്സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച ധോണി 2024 സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍സിയില്‍ നിന്നും പടിയിറങ്ങിയിരുന്നു.

 

ശേഷം ഋതുരാജ് ഗെയ്ക്വാദാണ് ധോണിയുടെ പിന്‍ഗാമിയായി സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ഇത് ഐ.പി.എല്ലില്‍ നിന്നും ധോണിയുടെ പടിയിറക്കത്തിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Content Highlight: Reportedly, BCCI is preparing to re-introduce the rule that players who have retired five years ago will be considered as uncapped players.