തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഡി.ജി.പിക്കെതിരെ ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ പൂരത്തിന് പിന്നില്‍ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നും അത് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവസാന വര്‍ഷത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തറവാടകയുമായി ബന്ധപ്പെട്ടും ആനകളുമായി ബന്ധപ്പെട്ടും വെടിക്കെട്ടുമായി ബന്ധപ്പെട്ടുമെല്ലാം പ്രശ്‌നങ്ങളുണ്ടായിരുന്നതായും എന്നാല്‍ അതെല്ലാം തരണം ചെയ്താണ് പൂരം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം ഉണ്ടായിട്ടുള്ള പൂരം നടത്തിപ്പില്‍ എല്ലാവരും സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തിന്റെ ഭാഗമായി എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ നല്‍കിയ ആദ്യത്തെ റിപ്പോര്‍ട്ട് സമഗ്രമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ പൂരംകലക്കിയതുമായി ബന്ധപ്പെട്ട് തൃതല തലത്തിലുള്ള പുനരന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യ അന്തരീക്ഷം തകര്‍ക്കുന്ന ഒരു ശ്രമവും അനുവദിക്കാനാകില്ലെന്നും ഇത് ഒരു ആഘോഷവും ഉത്സവുമായി മാത്രം ചുരുക്കിക്കാണേണ്ട വിഷയമല്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കേരള സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്‌നമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്നും അതു കൊണ്ട് തന്നെ പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തിലുള്ള കുറ്റ കൃത്യങ്ങള്‍ നടന്നിട്ടുണ്ടോ അതെല്ലാം സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് തീരുമാനങ്ങളാണ് ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് മന്ത്രി സഭ യോഗം കൈകൊണ്ടിട്ടുള്ളത്. എം.ആര്‍. അജിത് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അന്വേഷിക്കുന്നതിന് പുറമെ പൂരം നടത്തിപ്പിലെ വീഴ്ചയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിക്കാന്‍ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
പൂരവുമായി ബന്ധപ്പെട്ട ചുമതലകള്‍ നല്‍കിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേ സമയം എ.ഡി.ജി.പി. അജിത് കുമാറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തെ മുഖ്യമന്ത്രി എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. ആരോപണത്തിന്റെ പേരില്‍ മാത്രം അദ്ദേഹത്തെ മാറ്റി നിര്‍ത്താനാകില്ലെന്നും ഡി.ജി.പിയുടെ പുതിയ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ അത്തരം നടപടികളെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
CONTENT HIGHLIGHTS: Reportedly, Ajith Kumar had serious lapses in Pooram management, there was an attempt to destroy the social atmosphere: Chief Minister