ഖനൗരി അതിര്‍ത്തിയില്‍ പൊലീസുമായി ഏറ്റുമുട്ടല്‍; 21 വയസുള്ള യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു
national news
ഖനൗരി അതിര്‍ത്തിയില്‍ പൊലീസുമായി ഏറ്റുമുട്ടല്‍; 21 വയസുള്ള യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st February 2024, 7:00 pm

ന്യൂദല്‍ഹി: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നതിനിടയില്‍ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 21 വയസുള്ള യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടുവെന്ന് കര്‍ഷക സംഘടനകള്‍ മാധ്യമങ്ങളെ അറിയിച്ചു.

പഞ്ചാബിലെ ബതിന്ഡ ജില്ലയിലെ ബലോകേ ഗ്രാമവാസിയായ ശുഭ്കരണ്‍ സിങ് ആണ് കൊല്ലപ്പെട്ടതെന്ന് കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സ പറഞ്ഞു.

ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയായ ഖനൗരിയില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷം പരിധിവിട്ടുവെന്നും അധികൃതര്‍ അറിയിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്ക് പറ്റിയതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് പേരെ ഖനൗരി അതിര്‍ത്തിയില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ചതായി പട്യാല ആസ്ഥാനമായുള്ള രജീന്ദ്ര ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് എച്ച്.എസ് രേഖി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിഷേധം നടക്കുന്ന ഇടങ്ങളില്‍ നിന്ന് എക്സ്‌കവേറ്ററുകളും മോഡിഫൈഡ് ട്രാക്ടറുകളും ഉള്‍പ്പെടെയുള്ള മണ്ണുമാന്തി ഉപകരണങ്ങള്‍ മാറ്റണമെന്ന് ഹരിയാന പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

കര്‍ഷകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പൊലീസ് ഡ്രോണുകള്‍ ഉപയോഗിക്കുന്നതും സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തല്‍.

അതേസമയം യുവകര്‍ഷകന്റെ മരണം ഹരിയാന പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാല്‍ കര്‍ഷകന്റെ മരണം പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Reportedly, a young farmer was killed as the farmers continued their agitation