ജെറുസലേം: ഗസാ നഗരത്തില്‍ നിന്ന് ഇസ്രഈല്‍ സൈനികന്‍ ഒരു പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ ദൃക്സാക്ഷി കുഞ്ഞിനെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സൈനികന്‍ ആ വാക്കുകള്‍ വകവെക്കാതെ സ്ഥലത്ത് നിന്നുപോയതായാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇസ്രഈലി സൈനികന്റെ പ്രവര്‍ത്തനം ക്രൂരമായ കുറ്റകൃത്യമാണെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
ഗസയില്‍ നിന്ന് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഇസ്രഈല്‍ സൈന്യം ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന നികൃഷ്ടമായ കുറ്റകൃത്യങ്ങളുടെ തെളിവാണെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഉടന്‍ തന്നെ കുഞ്ഞിനെ ഫലസ്തീന്‍ നാഷണല്‍ അതോറിറ്റിക്ക് കൈമാറണമെന്ന് വിദേശകാര്യ മന്ത്രാലയം ഇസ്രഈലിനോട് ആവശ്യപ്പെട്ടു. ഇസ്രഈല്‍ സൈനികരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ആദ്യമായിട്ടല്ല സംഭവിക്കുന്നതെന്നും ഫലസ്തീന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഗസയില്‍ നിന്ന് ഒരു സൈനിക ക്യാപ്റ്റന്‍ ഒരു ഫലസ്തീന്‍ കുഞ്ഞിനെ ഇസ്രഈലിലെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി ഇസ്രഈലി ഉദ്യോഗസ്ഥന്‍ സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയിലെ ആക്രമണത്തിനിടയില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞിനെ കണ്ടെന്നും കുട്ടിയെ ഇസ്രഈലിലേക്ക് കൊണ്ടുപോയെന്നും തന്റെ സുഹൃത്ത് അറിയിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിലവിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഫലസ്തീനികളുടെ മരണസംഖ്യ 22,313 ആയി വര്‍ധിച്ചുവെന്നും 57,296 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000ത്തിലധികം ഫലസ്തീനികളെ കാണാതായിട്ടുണ്ടെന്നും നിരവധി ആളുകള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ സംഭവത്തെക്കുറിച്ച് ഇസ്രഈല്‍ സൈന്യം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ഇസ്രഈല്‍ സൈന്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.
Content Highlight: Reportedly, a Palestinian girl has been abducted by Israeli forces