13 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 2543 ക്വാറികള്‍ പൂട്ടിയതായി റിപ്പോര്‍ട്ട്; ഇപ്പോഴുള്ളത് 561 എണ്ണം മാത്രം
Kerala News
13 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 2543 ക്വാറികള്‍ പൂട്ടിയതായി റിപ്പോര്‍ട്ട്; ഇപ്പോഴുള്ളത് 561 എണ്ണം മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2024, 10:32 am

തിരുവനന്തപുരം: കഴിഞ്ഞ 13 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 2543 ക്വാറികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ദേശാഭിമാനി ദിനപത്രത്തില്‍ മില്‍ജിത് രവീന്ദ്രനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2011ല്‍ സംസ്ഥാനത്ത് 3104 ക്വാറികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 561 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിബന്ധനകളും നിയമങ്ങളും കര്‍ശനമാക്കിയതോടെയൊണ് കൂടുതല്‍ എണ്ണവും പ്രവര്‍ത്തനം അവസാനിപ്പിച്ചത്. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 561 ക്വാറികളില്‍ 417 എണ്ണത്തിന് മാത്രമാണ് 15 വര്‍ഷം വരെ കാലാവധിയുള്ള ക്വാറിയിങ് ലീസുള്ളത്. ബാക്കിയുള്ള 144 എണ്ണത്തിന് മൂന്ന് വര്‍ഷം മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്ന ക്വാറീയിങ് പെര്‍മിഷനാണുള്ളത്.

മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും അധികം ക്വാറികളുള്ളത്. 129 ക്വാറികളാണ് മലപ്പുറത്തുള്ളത് ആലുപ്പുഴയിലാണ് ഏറ്റവും കുറവ് ക്വാറികളുള്ളത്. കേവലം 1 ക്വാറി മാത്രമാണ് ആലപ്പുഴയിലുള്ളത്.

നിബന്ധനകളും നിയമങ്ങളും കര്‍ശനമാക്കിയതാണ് ക്വാറികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ 1956ലെ മൈന്‍സ് ആന്റ് മിനറല്‍സ് (ഡെവലപ്‌മെന്റ് ആന്റ് റെഗുലേഷന്‍) ആക്ട്, 2015ലെ കേരള മൈനര്‍ മിനറല്‍ കണ്‍സര്‍വേഷന്‍ ചട്ടം എന്നിവ പ്രകാരമാണ് 2016 മുതല്‍ സംസ്ഥാനത്ത് ക്വാറികള്‍ക്ക് ഖനനാനുമതി നല്‍കുന്നത്.

കൂടാതെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍, സുപ്രീം കോടതിയുടെ ഹൈക്കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും വിധികളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമ്പോള്‍ പരിഗണിക്കുന്നുണ്ട്.

ഖനാനുമതിക്ക് വേണ്ടിയുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി നല്‍കുന്ന അനുമതി, പാരിസ്ഥിതികാനുമതി, തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന അനുമതി, പ്രദേശത്ത് സ്‌ഫോടനം നടത്തുന്നതിന് വേണ്ടിയുള്ള എക്‌സ്‌പ്ലോസീവ് ലൈസന്‍സ്, മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ലൈസന്‍സ് എന്നിവ ലഭിച്ചതിന് ശേഷമാണ് നിലവില്‍ സംസ്ഥാനത്ത് ക്വാറികള്‍ക്ക് പ്രവര്‍ത്തനനാനുമതി നല്‍കുന്നത്.

ദുരന്ത്രനിവാരണ അതോറിറ്റി തയ്യാറാക്കിയ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലും അനുമതി നല്‍കാറില്ല. കൂടാതെ ഇത്തരം പ്രദേശങ്ങള്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നവ നിര്‍ത്തിവെക്കുകയും ചെയ്യും. അപേക്ഷ പ്രദേശങ്ങളില്‍ നേരത്തെ പ്രകൃതി ദുരന്തങ്ങല്‍ ഉണ്ടായിരുന്നോ എന്നതും അനുമതി നല്‍കുന്നതിന് മുമ്പായി പരിശോധിക്കാറുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

CONTENT HIGHLIGHTS: Reportedly, 2543 quarries were closed in the state in 13 years; Now there are only 561