| Friday, 1st September 2023, 1:33 pm

'സ്വേച്ഛാധിപതികളുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു'; നിര്‍ണായക മാറ്റങ്ങള്‍ക്കുള്ള ചുവടുമായി ഇന്ത്യയുടെ മുംബൈ യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളെടുത്തതായി റിപ്പോര്‍ട്ട്. ലോക്‌സഭാ തെരരഞ്ഞടുപ്പിലെ സീറ്റ് വിഭജനം, സംയുക്ത ഏകോപന സമിതി, പാര്‍ലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ പ്രതിപക്ഷ നയം എന്നിവ സംബന്ധിച്ച് യോഗത്തില്‍ തീരുമാനിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്ന് തന്നെ മുന്നണി നേതാക്കള്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുരോഗമനപരവും ക്ഷേമാധിഷ്ഠിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യക്കായി മുന്നണി ഒറ്റക്കെട്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

‘ബി.ജി.പി ഭരണകൂടം കാര്യങ്ങല്‍ എത്രതന്നെ വഴിതിരിച്ചുവിട്ടാലും ഇന്ത്യയിലെ പൗരന്മാര്‍ ഇനി വഞ്ചിക്കപ്പെടില്ല. 140 കോടി ഇന്ത്യക്കാര്‍ ഒരു മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ച സമയമാണിത്. ഈ സ്വേച്ഛാധിപത്യ ഗവണ്‍മെന്റിന്റെ അന്ത്യത്തിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു,’ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

ചന്ദ്രയാന്‍ 3 വിജയകരമായി ലാന്‍ഡിങ്ങില്‍ യോഗത്തില്‍ ഇന്ത്യാ സഖ്യം പ്രമേയം പാസാക്കി. മുന്നണി ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പമാണെന്നും പതിറ്റാണ്ടുകളുടെ പരിശ്രമമാണ് ഇപ്പോഴത്തെ അഭിമാന നേട്ടത്തിന് പിന്നിലെന്നും ഇന്ത്യ മുന്നണി പ്രസ്താവനയില്‍ പറഞ്ഞു.

‘ഞങ്ങള്‍, ഇന്ത്യന്‍ മുന്നണിയിലെ മുഴുവന്‍ പാര്‍ട്ടികളും ഐ.എസ്.ആര്‍.ഒ കുടുംബത്തിലെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു.

ഐ.എസ്.ആര്‍.ഒയുടെ കഴിവുകള്‍ കെട്ടിപ്പടുക്കാനും വികസിപ്പിക്കാനും ആറ് പതിറ്റാണ്ടുകളെടുത്തു. പൂര്‍വികരുടെ പരുശ്രമങ്ങളും രാജ്യത്തിന്റെ അഭിമാനകരമാക്കിയ മികച്ച നേട്ടങ്ങള്‍ക്കായി ഒരുപാട് സഹായിച്ചിട്ടുണ്ട്. ആദിത്യ-എല്‍1 ന്റെ വിക്ഷേപണത്തിനായി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോകത്തെ ത്രസിപ്പിച്ചിരിക്കുകയാണ് ചന്ദ്രയാന്‍-3.

ഐ.എസ്.ആര്‍.ഒയുടെ അസാധാരണമായ നേട്ടങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ശാസ്ത്രമനോഭാവം ശക്തിപ്പെടുത്തും. അത് നമ്മുടെ യുവാക്കള്‍ക്ക് ശാസ്ത്രീയ പ്രയത്‌ന മേഖലകളില്‍ മികവ് പുലര്‍ത്താനുള്ള പ്രചോദനം നല്‍കും. നമുക്ക് ശാസ്ത്ര മനോഭാവമുള്ള രാജ്യം കെട്ടിപ്പടുക്കാം. ഐ.എസ്.ആര്‍.ഒക്കും നമ്മുടെ ശാസ്ത്രജ്ഞര്‍ക്കുമൊപ്പമാണ് ഞങ്ങള്‍,’ ഇന്ത്യ മുന്നണി പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ ഔദ്യോഗിക യോഗമാണ് മുംബൈയില്‍ നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മറ്റ് പാര്‍ട്ടികള്‍ എതിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 28 പാര്‍ട്ടികളില്‍നിന്ന് 63 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.


Content Highlight: reported that crucial decisions were taken in the Mumbai meeting of India Front

We use cookies to give you the best possible experience. Learn more