200 മില്യണൊന്നുമല്ല റൊണാൾഡോയെ പണം കൊണ്ട് മൂടാൻ അൽ നസർ; പ്രതിഫലം ഇനിയും കൂടുമെന്ന് റിപ്പോർട്ട്‌
Fooball news
200 മില്യണൊന്നുമല്ല റൊണാൾഡോയെ പണം കൊണ്ട് മൂടാൻ അൽ നസർ; പ്രതിഫലം ഇനിയും കൂടുമെന്ന് റിപ്പോർട്ട്‌
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd January 2023, 9:01 am

സൗദി അറേബ്യൻ ക്ലബ്ബ് അൽ നസറിൽ 200 മില്യൺ യൂറോയുടെ പ്രതിവർഷ കരാറിൽ ചേക്കേറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

2025 വരെ താരം ക്ലബ്ബിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ. അൽ നസറുമായി കരാർ ഒപ്പ് വെച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ വിലക്ക് ഉള്ളതിനാൽ ക്ലബ്ബിൽ സൈൻ ചെയ്ത ശേഷമുള്ള ആദ്യത്തെ രണ്ട് മത്സരങ്ങൾ താരത്തിന് കളിക്കാൻ സാധിക്കില്ല.

കാമറൂണിന്റെ ഗോളടി വീരൻ വിൻസെന്റ് അബൂബക്കർ ഉൾപ്പെടെയുള്ള ഒട്ടനവധി മികച്ച താരങ്ങൾ ക്ലബ്ബിൽ റോണോയുടെ സഹ കളിക്കാരായുണ്ട്.
എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കരാർ തുകയ്ക്ക് സൗദിയിലെത്തിയ താരത്തിന്റെ പ്രതിഫലം ഇനിയും ഉയരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്കയാണ് വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

2025 ജൂൺ 30 വരെയാണ് പ്ലെയർ എന്ന നിലയിൽ അൽ നസറുമായി റൊണാൾഡോ കരാർ ഒപ്പ് വെച്ചിട്ടുള്ളതെങ്കിലും 2030 വരെ ക്ലബ്ബിൽ റൊണാൾഡോക്ക് തുടരാം എന്നാണ് റിപ്പോർട്ടുകൾ. കളിക്കാരെന്ന നിലയിൽ കരാർ അവസാനിപ്പിച്ചാൽ കോച്ചായും റോണോക്ക് ക്ലബ്ബിൽ തുടരാൻ സാധിച്ചേക്കും.

എന്നാലിപ്പോൾ 200 മില്യണിലും അധികം റോണോയുടെ പ്രതിഫലത്തുകയുയരും എന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്.
ഏകദേശം 225മില്യൺ യൂറോയാണ് ക്ലബ്ബും റോണൊയും തമ്മിലുള്ള പ്രതിഫലക്കരാർ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം വലിയ ബിസിനസ്‌ താല്പര്യങ്ങളാണ് റൊണാൾഡോയെ ഉപയോഗിച്ച് അൽ നസറിനുള്ളത് എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

ക്ലബ്ബിനായി പരസ്യങ്ങൾ ചെയ്യുക, സൗദി പ്രോ ലീഗിന്റെ മുഖമായി മാറുക തുടങ്ങിയ കാര്യങ്ങൾ കൂടാതെ റൊണാൾഡോയെ സൗദിയുടെ അംബാസിഡറായി നിയമിക്കുന്ന തിനുള്ള ചർച്ചകൾ വരെ നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

 

Content Highlights:reported said that maybe remuneration of ronaldo in al nassr will increase