| Tuesday, 11th July 2023, 11:03 pm

ക്യാമ്പ് നൗവിന്റെ പുതിയ ദൃശ്യങ്ങള്‍ കണ്ട് നിരാശരായി ബാഴ്‌സ ആരാധകര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്സലോണയുടെ ഐക്കോണിക് ഹോം സ്റ്റേഡിയമായ ക്യാമ്പ് നൗവിന്റെ പുനര്‍നിര്‍മാണ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2026 മാര്‍ച്ചില്‍ സ്‌റ്റേഡിയത്തിന്റെ പണിപൂര്‍ത്തിയാകും എന്നാണ് ക്ലബ് അറിയിക്കുന്നത്.

പുതിയ സ്റ്റേഡിയത്തിന്റെ നിര്‍മാണം സംബന്ധിച്ച് പഴയ സ്റ്റേഡിയം ജെ.സി.ബി അടക്കം ഉപയോഗിച്ച് തകര്‍ക്കുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ പങ്കുവെച്ച് ബാഴ്‌സ ആരാധകര്‍ അവരുടെ വിഷമം പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ സ്റ്റേഡിയം 2026 മാര്‍ച്ചില്‍ തുറന്ന് നല്‍കുമെന്ന് ക്ലബ്ബ് അറിയിക്കുന്നത്. പുതിയ ദൃശങ്ങളില്‍ ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ക്ലബ് പറയുന്നു.

‘സ്റ്റേഡിയം 2026ല്‍ ഔദ്യോഗികമായി തുറന്നുനല്‍കും. എഫ്.സി ബാഴ്സലോണക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും പുതിയ വീട്ടില്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

ക്ലബ്ബുമായി ബന്ധപ്പെട്ട ഓരോ അംഗത്തിനും ആരാധകര്‍ക്കും നവീകരിച്ച സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. എഫ്.സി. ബാഴ്സലോണയെ ലോക കായികരംഗത്ത് മുന്‍നിരയില്‍ നിര്‍ത്താന്‍ സ്റ്റേഡിയ നിര്‍മാണം സഹായിക്കുമെന്ന് വിശ്വസിക്കുന്നു,’ ബാഴ്‌സ പ്രസ്താവനയില്‍ പറഞ്ഞു.

1.25 ബില്യണ്‍ പൗണ്ട് ചെലവാക്കിയാണ് പുതിയ സ്റ്റേഡിയത്തിന്റെ നവീകരണം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് 250 ഓളം തൊഴിലാളികളുണ്ടായിരുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2022 ജൂലൈയിലാണ് ബാഴ്‌സ തങ്ങളുടെ ചരിത്രപരമായ മൈതാനം പുനര്‍നിര്‍മിക്കാന്‍ ആരംഭിച്ചത്. 99,354 സീറ്റുകളില്‍ നിന്ന് പുതുതായി നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ 105,000 സീറ്റുകളിലേക്ക് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Report the demolition of the Spotify Camp Nou continues

We use cookies to give you the best possible experience. Learn more