മാഡ്രിഡ്: ഇസ്രഈലുമായുള്ള സ്വാതന്ത്രവ്യാപാര കരാര്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് സ്‌പെയിന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അയർലാൻഡും മാഡ്രിഡും ഉന്നയിച്ച വിഷയങ്ങളില്‍ യൂണിയന്‍ പ്രതിനിധികള്‍ പ്രതികരിക്കണമെന്നും സ്‌പെയിന്‍ ആവശ്യപ്പെട്ടു.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് യൂറോപ്യന്‍ യൂണിയനോട് ഇസ്രഈലുമായുള്ള വ്യാപാര കരാര്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. കരാറില്‍ ചൂണ്ടിക്കാട്ടുന്ന മാനുഷിക നയങ്ങള്‍ ഇസ്രഈല്‍ ലംഘിച്ചുവെന്നും അതിനാല്‍ ഉടമ്പടി പുനഃപരിശോധിക്കണമെന്നുമാണ് സാഞ്ചസ് ആവശ്യപ്പെട്ടത്.
മാസങ്ങളായി സ്‌പെയിനും അയർലാൻഡും മുന്നോട്ടുവെക്കുന്ന വിഷയമാണ് സ്വാതന്ത്രവ്യാപാര കരാര്‍ പുനഃപരിശോധിക്കണമെന്നത്. ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെയുള്ള ആക്രമണം ഇസ്രഈലി സൈന്യം ലെബനന്‍ ജനതയിലേക്ക് വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് സ്‌പെയിന്‍ നിലപാട് കടുപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നതില്‍ നിന്ന് രാജ്യങ്ങള്‍ പിന്മാറണമെന്ന് സാഞ്ചസ് ആവശ്യപ്പെട്ടിരുന്നു. ലെബനയിലെ യു.എന്‍ സേനക്കെതിരായ ആക്രമണത്തില്‍ അപലപിച്ചായിരുന്നു സ്‌പെയിന്റെ പ്രതികരണം. 2023 ഒക്ടോബറില്‍ ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നതില്‍ നിന്ന് തങ്ങള്‍ പിന്മാറിയെന്നും അന്താരാഷ്ട്ര ലോകം സമാനമായ തീരുമാനമെടുക്കണമെന്നും സാഞ്ചസ് ആവശ്യപ്പെട്ടിരുന്നു.
സേനയുടെ ഭാഗമായ സ്പാനിഷ് സൈനികര്‍ സുരക്ഷിതരാണെന്നും പരിക്കുകള്‍ സംഭവിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. 650 സൈനികരെയാണ് സ്‌പെയിന്‍ ലെബനനില്‍ വിന്യസിച്ചിരിക്കുന്നത്.
നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈലിന്റെ ആക്രമണത്തില്‍ 2,259 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ട ആക്രമണത്തില്‍ 1400ഓളം പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്.
അതേസമയം ഇസ്രഈലിനെതിരെ ലെബനന്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കുറഞ്ഞത് 54 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗവും ഇസ്രഈല്‍ സൈന്യമായ ഐ.ഡി.എഫിലെ ഉദ്യോഗസ്ഥരാണ്.
നേരത്തെ ഫലസ്തീനികളെ പിന്തുണച്ചതിന്റെ പേരില്‍ സ്പാനിഷ് നയതന്ത്രജ്ഞര്‍ക്ക് ഇസ്രഈല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഫലസ്തീനിനെ സ്പെയിന്‍ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിന് പിന്നാലെയായിരുന്നു ഇസ്രഈലിന്റെ നീക്കം.
സ്‌പെയിന്‍ ഉള്‍പ്പെടെ 140 രാജ്യങ്ങള്‍ ഫലസ്തീനെ സ്വാതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 42,289 ഫലസ്തീനികളാണ് ഐ.ഡി.എഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 98,684ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തിനിരയായ 1000ത്തോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഇവരില്‍ 60 ശതമാനത്തിലധികം കുട്ടികളും സ്ത്രീകളുമാണെന്നാണ് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
Content Highlight: Report that Spain has asked the European Union to terminate the free trade agreement with Israel