ഹൂതി ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായി പ്രതിരോധ കരാറിലേര്‍പ്പെടാന്‍ സൗദിയും യു.എ.ഇയും; റിപ്പോര്‍ട്ട്
World News
ഹൂതി ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായി പ്രതിരോധ കരാറിലേര്‍പ്പെടാന്‍ സൗദിയും യു.എ.ഇയും; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st March 2022, 4:28 pm

റിയാദ്: യെമനിലെ ഹൂതി വിമതരില്‍ നിന്നുള്ള ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായി പ്രതിരോധ കരാറിലേര്‍പ്പെടാന്‍ സൗദി അറേബ്യയും യു.എ.ഇയും തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

പ്രതിരോധ രംഗത്ത് പിന്തുണ ലഭിക്കുന്നതിന് വേണ്ടി, അമേരിക്കയുമായി ഔദ്യോഗികമായി രേഖാമൂലമുള്ള കരാറിലേര്‍പ്പെടാനാണ് സൗദിയും യു.എ.ഇയും ശ്രമിക്കുന്നതെന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിന് ഇസ്രഈലിന്റെ സഹായം തേടുന്നതിനും യു.എ.ഇ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

ഇറാനുമായുള്ള ആണവ കരാറിലേക്ക് തിരിച്ചുപോകുന്നതിന് യു.എസ് നീക്കം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും പ്രതിരോധ കരാറിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

അമേരിക്കന്‍ സെനറ്റിന്റെ മൂന്നില്‍ രണ്ട് അനുമതി ലഭിച്ചാല്‍ മാത്രമേ കരാര്‍ സാധ്യമാവുകയുള്ളൂ.

ഹൂതി വിമതഗ്രൂപ്പിനെ വീണ്ടും വിദേശ ഭീകരവാദ സംഘടനയായി (foreign terrorist organisation) പ്രഖ്യാപിക്കാന്‍ അമേരിക്കക്ക് മേല്‍ സൗദിയുടെയും യു.എ.ഇയുടെയും സമ്മര്‍ദ്ദം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുണ്ട്.

എന്നാല്‍ യു.എസ് ഇത് അനുവദിക്കാതിരുന്നത് കൊണ്ട് തന്നെ ഇരു രാജ്യങ്ങളുടെയും യു.എസുമായുള്ള ബന്ധവും കഴിഞ്ഞ കുറച്ച് കാലങ്ങളായി മോശമായിരുന്നു.

ചില ഹൂതി നേതാക്കള്‍ക്ക് മേല്‍ യു.എസ് ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംഘടനയെ ഒന്നാകെ ഭീകരവാദമായി പ്രഖ്യാപിക്കാന്‍ യു.എസ് വിസമ്മതിക്കുകയായിരുന്നു.

Content Highlight: Report that Saudi Arabia and UAE seek US defense pact after attacks by Yemen’s Houthis