ന്യൂദല്‍ഹി രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. കവര്‍ച്ച, പീഡനം, തട്ടിക്കൊണ്ടുപോകല്‍, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയില്‍ ഗണ്യമായ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. 2020ല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നപ്പോഴും രാജ്യത്ത് കൊലപാതകങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
2020ല്‍ രാജ്യത്ത് ആകെ 28,046 ബലാത്സംഗ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 2021ല്‍ ഇത് 31,667 ആയി ഉയര്‍ന്നിട്ടുണ്ട്. 84,085 കേസുകളാണ് തട്ടിക്കൊണ്ടുപോകലുമായി(Kidnapping/ Abductiom) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2021ല്‍ ഒരു ലക്ഷത്തിലധികം കേസുകളാണ് ഇപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1,01,707 ആണ് 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.
കൊലപാതക കേസുകളില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 29,272 കേസുകളാണ് 2021 കാലയളവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊലപാതകക്കേസുകള്‍. 29,193 ആയിരുന്നു 2020ലെ കേസ്.
അതേസമയം കോഗ്നിസബിള്‍ ഓഫന്‍സുകളുടെ കാര്യത്തില്‍ 2020ല്‍ നിന്നും 2021ല്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. 7.6ശതമാനത്തിന്റെ കുറവാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ക്രൈം റേറ്റിലും നേരിയ കുറവുണ്ട്.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് കേസ് രജിസ്റ്റര്‍ ചെയ്ത് തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ മറ്റ് കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായതെന്നാണ് നിഗമനം. ഈ കാലയളവില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആറ് ലക്ഷത്തോളം കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2021ല്‍ ഏറ്റവുമധികം കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം അസം ആണ്. 76.6 ആണ് അസമിലെ കുറ്റകൃത്യത്തിന്റെ നിരക്ക്. ദല്‍ഹിയാണ് കൂടുതല്‍ കുറ്റകൃത്യം ചുമത്തപ്പെട്ട രണ്ടാമത്തെ സംസ്ഥാനം. 55 ആണ് ദല്‍ഹിയിലെ കുറ്റകൃത്യ നിരക്ക്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് കുറവാണ്.
അതേസമയം കുറ്റകൃത്യങ്ങളുടെ നിരക്കില്‍ വര്‍ധനവുണ്ടായത് ഒഡീഷയിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2020ല്‍ 38 ആയിരുന്ന നിരക്ക് 2021ല്‍ 48 ആയാണ് ഉയര്‍ന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.