| Tuesday, 1st March 2022, 11:20 am

യൂറോപ്യന്‍ ഉപരോധ ലിസ്റ്റിലുള്ള റഷ്യന്‍ സ്ഥാപനങ്ങളുമായി ഇനി ഇടപാടില്ലെന്ന് എസ്.ബി.ഐ; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളും വ്യാപാരങ്ങളും നിര്‍ത്തലാക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

അമേരിക്കയും നാറ്റോ അംഗരാജ്യങ്ങളടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ എസ്.ബി.ഐ നിര്‍ത്തലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എസ്.ബി.ഐ ചില ഇടപാടുകാര്‍ക്ക് നല്‍കിയ കത്തിനെ അടിസ്ഥാനമാക്കി റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

”യു.എസിന്റെയോ യൂറോപ്യന്‍ യൂണിയന്റെയോ ഐക്യരാഷ്ട്രസഭയുടെയോ ഉപരോധ പട്ടികയില്‍ പെട്ടിട്ടുള്ള സ്ഥാപനങ്ങളും ബാങ്കുകളും തുറമുഖങ്ങളുമായി ഇനി ഒരു ഇടപാടുകളുമില്ല,” ചില ഇടപാടുകാര്‍ക്ക് എസ്.ബി.ഐ അയച്ച കത്തില്‍ പറഞ്ഞതായി വിവിധ സ്രോതസുകള്‍ വെളിപ്പെടുത്തി.

അതേസമയം വിഷയത്തില്‍ എസ്.ബി.ഐയില്‍ നിന്നും നേരിട്ട് പ്രതികരണം വന്നിട്ടില്ല.

”ഞങ്ങള്‍ക്ക് നല്ല ഇന്റര്‍നാഷണല്‍ പ്രസന്‍സ് ഉള്ളതാണ്. യു.എസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും റെഗുലേഷനുകളോട് സഹകരിക്കേണ്ടതും അവയെ അംഗീകരിക്കേണ്ടതുമുണ്ട്,” ഒരു സീനിയര്‍ എസ്.ബി.ഐ എക്‌സിക്യൂട്ടീവ് പ്രതികരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ നല്ല മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഉപയോക്താക്കളോട് എസ്.ബി.ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇനിമുതല്‍ റഷ്യന്‍ ക്രൂഡ് കാര്‍ഗോകള്‍ ഫ്രീ ഓണ്‍ ബോര്‍ഡ് തലത്തില്‍ സ്വീകരിക്കില്ലെന്ന് ഇന്ത്യയിലെ ടോപ് റിഫൈനര്‍മാരില്‍ ഒരാളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇന്‍ഷുറന്‍സ് റിസ്‌ക് കാരണമാണ് നീക്കമെന്നും അവര്‍ പറഞ്ഞിരുന്നു.


Content Highlight: Report says SBI Stops Handling Trade With Sanctioned Russian Entities

We use cookies to give you the best possible experience. Learn more