| Wednesday, 10th July 2024, 2:02 pm

ഇന്ത്യയെ കളി പഠിപ്പിക്കാനെത്തുന്നത് പഴയ സിംഹങ്ങൾ, അതിലൊന്ന് ലോകകപ്പ് ഹീറോയും; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

രാഹുല്‍ ദ്രാവിഡിന് പകരക്കാനായി കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുഖ്യ പരിശീലനായി ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ നിയമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പുതിയ ബൗളിങ് കോച്ച് ആരായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

ഇന്ത്യയുടെ നിലവിലെ പരിശീലകനായിരുന്ന പരാസ് മഹംബ്രയുടെ കരാര്‍ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഇന്ത്യ പുതിയ പരിശീലകരെ തേടുന്നത്. പുതിയ ബൗളിങ് പരിശീലനായി മുന്‍ പേസര്‍മാരായ സഹീര്‍ ഖാനെയും ലക്ഷ്മിപതി ബാലാജിയെയും പരിഗണിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

‘ഇന്ത്യയുടെ ബൗളിങ് കോച്ച് സ്ഥാനത്തേക്ക് സഹീര്‍ ഖാന്റെയും ലക്ഷ്മിപതി ബാലാജിയുടെയും പേരുകളാണ് ബി.സി.ഐ ചര്‍ച്ചചെയ്യുന്നത്. വിനയ് കുമാറിനെ കോച്ച് ആക്കാന്‍ ബി.സി.സി.ഐക്ക് താല്പര്യമില്ല,’ ബി.സി.സി. ഐയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പിടി മികച്ച സംഭാവനകള്‍ നല്‍കിയ പേസര്‍മാരില്‍ ഒരാളാണ് സഹീര്‍. ഇന്ത്യക്കായി 309 മത്സരങ്ങളില്‍ നിന്നും 610 ആണ് സഹീര്‍ നേടിയിട്ടുള്ളത്. 92 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 311 വിക്കറ്റുകളും മുന്‍ ഇന്ത്യന്‍ താരം നേടിയിട്ടുണ്. 2011 ഐ.സി.സി ഏകദിന കിരീടം എം.എസ് ധോണിയുടെ കീഴില്‍ ഇന്ത്യന്‍ കിരീടം നേടുമ്പോള്‍ നിര്‍ണായകമായ പങ്കുവഹിച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു സഹീര്‍.

മറുഭാഗത്ത് ഇന്ത്യക്കായി ബാലാജി 30 ഏകദിന മത്സരങ്ങളില്‍ നിന്നും 34 വിക്കറ്റുകള്‍ ആണ് വീഴ്ത്തിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ എട്ട് മത്സരത്തില്‍ നിന്നും 27 വിക്കറ്റുകളും താരം നേടി.

ഇത്തരത്തിലുള്ള മികച്ച അനുഭവസമ്പത്തുള്ള മുന്‍ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരിശീലകസ്ഥാനം കൂടി ഏറ്റെടുക്കുന്നതോടെ ഇന്ത്യന്‍ ടീം ഇനിയും വലിയ ഉയരത്തില്‍ എന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം നിലവില്‍ ഇന്ത്യ സിംബാബ്വെക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചുകൊണ്ട് ഒപ്പത്തിനൊപ്പമാണ്.

ആദ്യ മത്സരത്തിൽ സിംബാബ്വെ 13 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോൾ രണ്ടാം മത്സരത്തിൽ 100 റൺസിന്റെ കൂറ്റൻ വിജയവുമായി ഇന്ത്യ തിരിച്ചുവരികയായിരുന്നു. ഇന്നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്. ഹരാരെയിലെ സ്‌പോർട്‌സ് ക്ലബ്ബാണ് വേദി.

Content Highlight: Report says Zaheer Khan and Lakshmipathi Balji is the Next Indian team Bowling Coach

We use cookies to give you the best possible experience. Learn more