2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിടുമെന്നും ആരെല്ലാം ടീമിന്റെ പരിശീലകരും മെന്ററായും ടീമുകളിലെത്തുമെന്നുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.
ഇപ്പോഴിതാ ഇന്ത്യന്‍ ഇതിഹാസതാരം യുവരാജ് സിങ്ങിനെ പുതിയ പരിശീലകനായി നിയമിക്കാന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് താത്പര്യപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌പോര്‍ട്‌സ് സ്റ്റാറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് റിക്കി പോണ്ടിങിന് പകരക്കാരനായി യുവരാജിനെ പോലെ അനുഭവസമ്പത്തുള്ള താരത്തെ ടീമിന്റെ മുഖ്യ പരിശീലനായി നിയമിക്കാന്‍ ടീം ആഗ്രഹിക്കുന്നുവെന്നാണ് പറയുന്നത്.
നീണ്ട ഏഴ് വര്‍ഷങ്ങളായി ദല്‍ഹിയുടെ പരിശീലകനായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് പോണ്ടിങ് ക്യാപ്പിറ്റല്‍സില്‍ നിന്നും വിട പറഞ്ഞത്. പോണ്ടിങ്ങിന്റെ കീഴില്‍ ദല്‍ഹിക്ക് കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും ഫ്രാഞ്ചൈസിയുടെ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ എത്താന്‍ സാധിച്ചിരുന്നു.
2020ലായിരുന്നു ക്യാപിറ്റല്‍സ് ആദ്യമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ എത്തിയത്. എന്നാല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് ദല്‍ഹിക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ഇതിന് പുറമെ 2019, 2021 എന്നീ സീസണുകളില്‍ പ്ലേ ഓഫിലേക്ക് മുന്നേറാനും ദല്‍ഹിക്ക് സാധിച്ചിരുന്നു.
നേരത്തേ പോണ്ടിങ്ങിന് പകരം മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ദല്‍ഹിയുടെ പരിശീലകനായി ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് ഇപ്പോള്‍ യുവരാജ് ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റക്ക് പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സും യുവരാജിനെ പരിശീലകനായി നിയമിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് റിപോര്‍ട്ടുകള്‍ നിലനിന്നിരുന്നു.
ദല്‍ഹിക്ക് പുറമെ ഐ. പി. എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പൂനെ വാരിയേഴ്‌സ് ഇന്ത്യ, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും യുവരാജ് കളിച്ചിട്ടുണ്ട്.
2024 ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്നും ഏഴ് വീതം വിജയവും തോല്‍വിയുമായി ആറാം സ്ഥാനത്തായിരുന്നു ക്യാപ്പിറ്റല്‍സ് ഫിനിഷ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ 2025ല്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ദല്‍ഹിയുടെ പരിശീലകനായി ചുമതലയേറ്റ് ടീമിന്റെ കിരീടവരള്‍ച്ചക്ക് അവസാനം കുറിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Report Says Yuvaraj Singh is The New Coach Of Delhi Capitals