| Tuesday, 15th November 2022, 12:22 pm

'യു.എസിന് അമേരിക്കന്‍ സ്‌റ്റൈല്‍ ജനാധിപത്യം, ചൈനക്ക് ചൈനീസ് സ്‌റ്റൈല്‍ ജനാധിപത്യം'; ബൈഡന് ഷി ചിന്‍പിങിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജക്കാര്‍ത്ത: ജി 20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെ ബാലിയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. റഷ്യ- ഉക്രൈന്‍ വിഷയത്തിലടക്കം കടുത്ത രാഷ്ട്രീയ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

യു.എസ് പ്രസിഡന്റായി അധികാരമേറ്റെടുത്തതിന് ശേഷം ഷിയുമായി ബൈഡന്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ബാലിയിലെ ആഡംബര ഹോട്ടലില്‍ വെച്ചായിരുന്നു ഇരു നേതാക്കളും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്.

കൂടിക്കാഴ്ചക്കിടെ അമേരിക്കയും ചൈനയും പിന്തുടരുന്ന ജനാധിപത്യ ബോധത്തെ കുറിച്ച്, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പ്രസ്താവന നടത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജനാധിപത്യം, സ്വേച്ഛാധിപത്യം എന്നീ വേര്‍തിരിവിനെ വിമര്‍ശിച്ചുകൊണ്ടാണ് ഷി സംസാരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

”ജനാധിപത്യം Vs സ്വേച്ഛാധിപത്യം എന്ന് വിളിക്കപ്പെടുന്ന നരേറ്റീവ് ഉപയോഗിച്ച് ഇന്നത്തെ ലോകത്തിന്റെ സവിശേഷതയെ നിര്‍വചിക്കാനാവില്ല. ഇന്നത്തെ കാലഘട്ടത്തിന്റെ ട്രെന്‍ഡിനെയും അത് പ്രതിനിധീകരിക്കുന്നില്ല.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ അമേരിക്കന്‍ സ്‌റ്റൈല്‍ ജനാധിപത്യമാണുള്ളത്. ചൈനയില്‍ ചൈനീസ് സ്‌റ്റൈല്‍ ജനാധിപത്യവും,” ഷി ചിന്‍പിങ് ബൈഡനോട് പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് മീഡിയകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ആഗോള രാഷ്ട്രീയത്തിന്റെ നിലവിലെ അവസ്ഥയെ ഒരു ‘ഇന്‍ഫ്‌ളക്ഷന്‍ പോയിന്റ്’ (inflection point) എന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പലപ്പോഴും പരാമര്‍ശിച്ചിട്ടുള്ളത്. ജനാധിപത്യ ഭരണകൂടം, സ്വേച്ഛാധിപത്യം എന്നിങ്ങനെയുള്ള രണ്ടില്‍ ഒന്ന് ആളുകള്‍തെരഞ്ഞെടുക്കേണ്ട ഒരു ഘട്ടമാണിത്. അല്ലാത്തപക്ഷം ലോകം തന്നെ എന്നെന്നേക്കുമായി മാറിമറിയും എന്നും ബൈഡന്‍ പറഞ്ഞിട്ടുണ്ട്.

ബൈഡന്റെ ഈ പ്രസ്താവനക്കുള്ള മറുപടി കൂടിയായാണ് ഷിയുടെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്.

സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍ എന്നിവ മനുഷ്യരാശിയുടെ പൊതുലക്ഷ്യങ്ങളാണെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇത് തന്നെയാണ് പിന്തുടരുന്നതെന്നും ഷി ചിന്‍പിങ് ചര്‍ച്ചക്കിടെ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഷി- ബൈഡന്‍ കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.

അതേസമയം, ഒക്ടോബര്‍ മാസത്തില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സി.പി.സി) ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഷി ചിന്‍പിങിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തിരുന്നു. ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തും ഷി തന്നെ തുടരും.

റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ റഷ്യക്ക് പരസ്യമായി തന്നെ പിന്തുണ നല്‍കുന്ന നിലപാടാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന സ്വീകരിച്ചുപോരുന്നത്. എന്നാല്‍ ഉക്രൈനെ പിന്തുണക്കുന്ന നാറ്റോ അംഗരാജ്യമായ യു.എസ് കടുത്ത റഷ്യന്‍ വിരുദ്ധ, ചൈനീസ് വിരുദ്ധ നിലപാടുകളാണ് എടുത്തുപോരുന്നത്.

ഉയ്ഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍, ഹോങ്കോങിലെ ജനാധിപത്യ പ്രതിഷേധങ്ങള്‍, തായ്‌വാന്റെ സ്വയംഭരണാവകാശം, റഷ്യ- ഉക്രൈന്‍ വിഷയം തുടങ്ങി നിരവധി കാര്യങ്ങളില്‍ ചൈനയെ കടുത്ത ഭാഷയില്‍ യു.എസ് വിമര്‍ശിച്ചിട്ടുണ്ട്. ചൈനയും ഇതേ ഭാഷയില്‍ മറുപടി നല്‍കാറുമുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനവും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കിയിരുന്നു.

ചൈനയുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായുണ്ടായ മുന്നറിയിപ്പുകളും ഭീഷണികളും അവഗണിച്ച് കൊണ്ടായിരുന്നു ഓഗസ്റ്റ് രണ്ടിന് നാന്‍സി പെലോസി തായ്‌വാനിലെത്തിയത്. യു.എസിന്റെ യുദ്ധ വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെയായിരുന്നു പെലോസി തായ്‌വാനില്‍ വിമാനമിറങ്ങിയത്.

പെലോസിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൈന തായ്‌വാനില്‍ യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു.വിഷയത്തില്‍ റഷ്യയുടെ ഭാഗത്ത് നിന്നുള്ള പരസ്യ പിന്തുണയും ചൈനക്കുണ്ടായിരുന്നു.

ചൈനീസ് ഭരണകൂടം തങ്ങളുടെ പ്രവിശ്യയായാണ് തായ്‌വാനെ കണക്കാക്കുന്നത്. ‘വണ്‍ ചൈന പോളിസി’ മുന്നോട്ടുവെക്കുന്ന ചൈന തായ്‌വാന്റെ സ്വതന്ത്ര ജനാധിപത്യ സംവിധാനത്തെ അംഗീകരിക്കുന്നില്ല.

Content Highlight: Report says Xi Jinping said China has Chinese-style democracy during a meeting with US president Joe Biden

We use cookies to give you the best possible experience. Learn more