| Tuesday, 13th August 2024, 3:15 pm

ഇത് നടന്നിരുന്നെങ്കിൽ റൊണാൾഡോക്ക് ശേഷം സൗദി വീണ്ടും കുലുങ്ങിയേനെ! വമ്പൻ ഓഫർ തള്ളിക്കളഞ്ഞ് റയൽ താരം

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കാന്‍ സൗദി അറേബ്യയില്‍ നിന്നും വമ്പന്‍ ഓഫര്‍ വന്നിരുന്നു. ഇപ്പോള്‍ ബ്രസീലിയന്‍ താരം ഈ വമ്പന്‍ ഓഫര്‍ നിരസിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എല്‍ ചിറിന്‍ഗുയിറ്റോ ടി.വി ജേര്‍ണലിസ്റ്റായ ജോസ് ഫെലിക്‌സിന്റെ പറയുന്നതനനുസരിച്ച് സൗദി പ്രോ ലീഗ് ക്ലബ്ബില്‍ നിന്നും വിനീഷ്യസിന് അഞ്ച് വര്‍ഷത്തെ കരാറില്‍ ഒരു ബില്യണ്‍ യൂറോ ഓഫറാണ് ലഭിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരു താരത്തിന് കിട്ടുന്ന എക്കാലത്തെയും മികച്ച ഓഫര്‍ ആയിരുന്നു ഇത്.

ദി അത്‌ലറ്റിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം സൗദി അറേബ്യയുടെ കായിക മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഒരു പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഡെലിഗേഷന്‍ ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാനായി നീക്കങ്ങള്‍ നടത്തിയെന്നാണ് പറയുന്നത്. എന്നാല്‍ താരവും ക്ലബ്ബും ഈ വമ്പന്‍ ഓഫര്‍ നിരസിക്കുകയായിരുന്നു.

2018ലാണ് വിനീഷ്യസ് റയല്‍ മാഡ്രിഡിലെത്തുന്നത്. ലോസ് ബ്ലാങ്കോസിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ബ്രസീലിയന്‍ സൂപ്പര്‍താരത്തെ വൈകാതെ തന്നെ ഫുട്‌ബോള്‍ ലോകത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറ്റുകയായിരുന്നു.

റയല്‍ മാഡ്രിഡിനായി കഴിഞ്ഞ സീസണില്‍ നിന്നും പ്രകടനമായിരുന്നു ബ്രസീലിയന്‍ താരം നടത്തിയത്. 39 മത്സരങ്ങളില്‍ നിന്നും 24 ഗോളുകളും 11 അസിസ്റ്റുകളും നേടിക്കൊണ്ടാണ് താരം കളംനിറഞ്ഞു കളിച്ചത്.

റയല്‍ കഴിഞ്ഞ സീസണില്‍ നേടിയെടുത്ത കിരീട നേട്ടങ്ങളിലും പങ്കാളിയാവാന്‍ ബ്രസീലിയന്‍ താരത്തിന് സാധിച്ചു. കഴിഞ്ഞ സീസണില്‍ ലോസ് ബ്ലാങ്കോസ് തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ ലാ ലിഗയും കാര്‍ലോ ആന്‍സലോട്ടിയും കൂട്ടരും തന്നെയാണ് നേടിയെടുത്തത്.

നിലവിലെ ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും അര്‍ഹതപ്പെട്ട താരങ്ങളില്‍ മുന്‍നിരയിലുള്ളതും വിനീഷ്യസ് ജൂനിയറാണ്. താരത്തിന് 2027 വരെയാണ് റയല്‍ മാഡ്രിനൊപ്പം കരാര്‍ ഉള്ളത്.

Content Highlight: Report Says Vinicias Junior Reject Big Offer From Saudi Pro League Offer

We use cookies to give you the best possible experience. Learn more