| Saturday, 30th October 2021, 12:58 pm

വിക്രം-ധ്രുവ് കോമ്പോ; 'മഹാന്‍' ഒ.ടി.ടി റിലീസിനെന്ന് റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ തമിഴ് സൂപ്പര്‍സ്റ്റാറാണ് വിക്രം. വിക്രം മകന്‍ ധ്രുവ് വിക്രമിനൊപ്പം ആദ്യമായഭിനയിക്കുന്ന ‘മഹാന്‍’ എന്ന ചിത്രം അണിയറയിലൊരുങ്ങുകയാണ്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കാത്തിരിപ്പിലാണ് ഇരുവരുടേയും തെന്നിന്ത്യയിലെ ആരാധകര്‍.

മഹാന്‍ ഒ.ടി.ടിയിലായിരിക്കും റിലീസ് ചെയ്യുക എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കരാറിലെത്തിയെന്നും വാര്‍ത്തയുണ്ട്.

എന്നാല്‍ ഒ.ടി.ടി അവകാശം മാത്രമേ വിറ്റിട്ടുള്ളൂ എന്നും ഏതെങ്കിലും പ്രത്യേക പ്ലാറ്റ്‌ഫോമുമായി കരാറിലെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

തിയേറ്ററില്‍ റിലീസ് ചെയ്യാതെ ഒ.ടി.ടിയിലെത്തുമ്പോള്‍ സിനിമാസ്വാദനത്തെ ബാധിക്കുമോ എന്നാണ് ആരാധകര്‍ ആശങ്കയായി പറയുന്നത്.

ആക്ഷന്‍ സിനിമയായിരിക്കും മഹാന്‍ എന്നാണ് സൂചനകള്‍. ദീപാവലിയ്ക്ക് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ തീരാതിരുന്നതിനാല്‍ ഡിസംബറിലേയ്ക്കാണ് റിലീസ് നീട്ടിയിരിക്കുന്നത്.

ചിത്രത്തില്‍ ഒരു ഗ്യാങ് ലീഡറുടെ വേഷമാണ് വിക്രം ചെയ്യുന്നത്. കഥാപാത്രത്തിന്റെ മകനായ ‘ദാദ’ ആയിട്ടാണ് ധ്രുവ് വിക്രം എത്തുക.

വാണി ഭോജന്‍, സിമ്രാന്‍, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലലിത് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് സന്തോഷ് നാരായണനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Report says Vikram-Dhruv Vikram movie Mahaan will go for an OTT release

We use cookies to give you the best possible experience. Learn more