| Wednesday, 7th February 2024, 9:39 pm

തിരിച്ചടികള്‍ക്ക് പിന്നാലെ വീണ്ടും തിരിച്ചടി; മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലും അവനുണ്ടാകില്ല; ഇടിവെട്ടേറ്റ് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ മൂന്ന്, നാല് ടെസ്റ്റുകളിലും വിരാട് കോഹ്‌ലി കളിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ധര്‍മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിലും വിരാട് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിരാട് കളിച്ചിരുന്നില്ല. പരമ്പരക്ക് മുമ്പാണ് വ്യക്തിഗത കാരണങ്ങളാല്‍ താന്‍ വിട്ടുനില്‍ക്കുന്നതായി വിരാട് അറിയിച്ചത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിരാട് ടീമിനൊപ്പം ചേരില്ലെന്നും എന്നാല്‍ ഫെബ്രുവരി 15ന് നടക്കുന്ന മൂന്നാം ടെസ്റ്റ് മുതല്‍ താരം ടീമിനൊപ്പം തുടരുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ടീമില്‍ താരത്തിന്റെ അഭാവം തുടരും.

വിരാട് കോഹ്‌ലിക്ക് പകരക്കാരനായി ടീമിലെത്തിയ രജത് പാടിദാര്‍ ആദ്യ ടെസ്റ്റില്‍ ബെഞ്ചിലിരുന്നെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരുന്നു.

മൂന്നാം ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്രിക്ബസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും അദ്ദേഹത്തെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി ഫിറ്റായി നിലനിര്‍ത്താന്‍ വരാനിരിക്കുന്ന മത്സരത്തിന് ഒരു ഇടവേള നല്‍കുന്നത് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ വിശാഖപട്ടണം ടെസ്റ്റ് വിജയിച്ചുകയറിയത്. വിരാട് കോഹ്‌ലിക്ക് പുറമെ പരിക്കേറ്റ രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ എന്നിവരും ടീമില്‍ നിന്നും പുറത്തായിരുന്നു.

ആര്‍. അശ്വിനും രോഹിത് ശര്‍മയും മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും അനുഭവ സമ്പത്തുള്ള താരങ്ങള്‍. എന്നാല്‍ പ്രതിസന്ധികളെ അതിജിവിച്ച് ഇന്ത്യ രണ്ടാം ടെസ്റ്റ് സ്വന്തമാക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് 1-1 എന്ന നിലയില്‍ സമനില പാലിക്കാനും സാധിച്ചു.

ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

Content Highlight: Report says Viart Kohli is likely to miss 3rd and 4th test

Latest Stories

We use cookies to give you the best possible experience. Learn more