ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം; റിപ്പോര്‍ട്ട്
World News
ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th July 2024, 9:41 am

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് യു.എസ് രഹസ്യാന്വേഷണ സംഘം. ഗൂഢാലോചനയിലെ ഇറാനിയന്‍ പങ്ക് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ സംഘം യു.എസിന് റിപ്പോര്‍ട്ട് കൈമാറി. അമേരിക്കൻ മാധ്യമമായ സി.എൻ.എൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം, ട്രംപിന് നേരെ വെടിയുതിര്‍ത്ത 20കാരന് ഇറാനുമായി ബന്ധമില്ലെന്നാണ് നിഗമനം.

എന്നാൽ ട്രംപിനെ വധിക്കാന്‍ ഇറാനില്‍ ഗൂഢാലോചന നടന്നതായി പേര് വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത സ്രോതസുകളെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടര്‍ന്ന് ട്രംപിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

ട്രംപിന് നേരെ ആക്രമണമുണ്ടാകുമെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ അറിഞ്ഞിരുന്നതായും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടി.

അതേസമയം സി.എൻ.എൻ പുറത്തുവിട്ട വിവരം സ്ഥിരീകരിക്കാനായില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യു.എസ് രഹസ്യാന്വേഷണ സംഘം ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ, വെടിവെപ്പിനെ തുടർന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ട്രംപിന് അനുകൂലമായ തരംഗമാണ് ഉണ്ടായിരിക്കുന്നതെന്ന് മറ്റു അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം, ശനിയാഴ്ച ട്രംപിന് നേരെ വെടിയുതിര്‍ക്കുന്നതിന് ഏകദേശം 30 മിനിട്ട് മുമ്പ് തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ അക്രമിയെ കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അമേരിക്കയിലെ എന്‍.ബി.സി അഫിലിയേറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുപിന്നാലെയാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടും പുറത്തുവരുന്നത്.

ട്രംപിന് നേരെയുണ്ടായ ആക്രമണം എഫ്.ബി.ഐയാണ് അന്വേഷിക്കുന്നത്. പെന്‍സില്‍വാനിയയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ വെച്ചാണ് ട്രംപിന് വെടിയേറ്റത്. വലത് ചെവിയില്‍ വെടിയേറ്റതിന് പിന്നാലെ ട്രംപിനെ വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു. അക്രമിയടക്കം രണ്ട് പേര്‍ കൊല്ലപ്പെടുകയും മറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അക്രമിയെ വെടിവെച്ച് കൊന്നത്.

വധശ്രമത്തിന് ശേഷം ആദ്യമായി ട്രംപ് പൊതുവേദിയില്‍ എത്തിയതിന് പിന്നാലെ, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവംബര്‍ അഞ്ചിനാണ് യു.എസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: Report says US Intelligence Says Iran Conspired To Kill Trump