അബുദാബി: ബിസിനസ് കുടുംബങ്ങളുടെ കുത്തകക്കെതിരെ യു.എ.ഇ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ വില്‍പനയിലും മാര്‍ക്കറ്റിലും ചില കുടുംബങ്ങള്‍ മാത്രം ആധിപത്യം പുലര്‍ത്തുന്നതിനെതിരെയാണ് യു.എ.ഇയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഞായറാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത് സംബന്ധിച്ച് പുതിയ നിയമം പാസാക്കാന്‍ പോകുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ‘കൊമേഷ്യല്‍ ഏജന്‍സി എഗ്രിമന്റ്’ ഓട്ടോമാറ്റിക്കായി പുതുക്കുന്ന രീതി അവസാനിപ്പിക്കുന്നതിനായിരിക്കും പുതിയ നിയമം.
വിദേശ കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ സ്വയം വിതരണം ചെയ്യുന്നതിനും അവരുടെ ലോക്കല്‍ ഏജന്റിനെ മാറ്റുന്നതിനും ഈ നിയമം സഹായകരമാവും, ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എമിറാറ്റി ലീഡര്‍ഷിപ്പ് വൈകാതെ ഈ നിയമത്തിന് അനുമതി നല്‍കുമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഫ്.ടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഭവത്തില്‍ യു.എ.ഇ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികരണം ലഭിച്ചിട്ടില്ലെന്നും പറയുന്നുണ്ട്.