സാന്‍ ഫ്രാന്‍സിസ്‌കോ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന്റെ മുന്‍ സി.ഇ.ഒ പുതിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം തുടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.
ട്വിറ്ററിന്റെ സഹ സ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് പാട്രിക് ഡോര്‍സി പുതിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബ്ലൂ സ്‌കൈ (Bluesky) എന്ന പുതിയ ആപ്പ് പരീക്ഷണ ഘട്ടത്തിലാണെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇലോണ്‍ മസ്‌കിനോടുള്ള വിയോജിപ്പ് കാരണമാണ് ഡോര്‍സി ഈ നീക്കം നടത്തുന്നതെന്നാണ് സൂചന. നിലവില്‍ ആപ്പ് ബീറ്റ ടെസ്റ്റിങ് സ്റ്റേജിലാണ്.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്നയാളായിരുന്നു ജാക്ക് ഡോസി. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമൂഹമാധ്യമം എന്ന സങ്കല്‍പമാണ് ഡോര്‍സി മുന്നോട്ടുവെക്കുന്നത്.
അതേസമയം, ഇക്കഴിഞ്ഞ വ്യാഴാഴ്ച മേധാവി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വിറ്ററില്‍ അടിമുടി അഴിച്ചുപണികള്‍ നടത്തുകയാണ്. ട്വിറ്ററിന്റെ തലപ്പത്തിരുന്നവരെ പുറത്താക്കി കൊണ്ടാണ് ഇലോണ്‍ മസ്‌ക് തന്റെ അധികാരം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്.
ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടീവും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗര്‍വാളിനെ മസ്‌ക് പുറത്താക്കിയതായാണ് കഴിഞ്ഞദിവസം യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനൊപ്പം ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍, ലീഗല്‍ പോളിസി മേധാവി, ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എന്നിവരെ കൂടി സ്ഥാനത്ത് നിന്നും മസ്‌ക് നീക്കിയതായി വാഷിങ്ടണ്‍ പോസ്റ്റും സി.എന്‍.ബി.സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ ഇലോണ്‍ മസ്‌കിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്ത ട്വിറ്ററിലെ നിരവധി തൊഴിലാളികള്‍ നേരത്തെ തന്നെ രാജിവെച്ചിരുന്നു.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന്റെ നടപടികള്‍ ആദ്യം അതിവേഗത്തില്‍ നീങ്ങിയിരുന്നെങ്കിലും പിന്നീട് മസ്‌ക് ഇതില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചിരുന്നു. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാല്‍ പരാഗ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ നിയമപോരാട്ടം ആരംഭിക്കുകയും ഒടുവില്‍ മസ്‌കിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയുകയുമായിരുന്നു.
പിന്നാലെ, കരാറില്‍ നിന്നും പിന്മാറാനാവില്ലെന്നും ട്വിറ്റര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കണമെന്ന കോടതി വിധി വന്നതോടെയാണ് മസ്‌ക് ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ലോകത്തെ അതിസമ്പന്നനായ വ്യക്തിയുടെ കീഴില്‍ ട്വിറ്റര്‍ വരുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് ആശങ്കയും വിമര്‍ശനവും ഉയരുന്നുണ്ട്. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വിലക്ക് മസ്‌ക് എടുത്തുകളയുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
Content Highlight: Report says twitter former Jack Dorsey has something in store for all