| Sunday, 12th June 2022, 5:24 pm

ട്രേഡ് യൂണിയന്‍ ആസ്ഥാനം അടപ്പിക്കാന്‍ സൈന്യത്തിന് ടുണീഷ്യന്‍ പ്രസിഡന്റ് നിര്‍ദേശം നല്‍കിയെന്ന് മാധ്യമപ്രവര്‍ത്തകന്‍; പിന്നാലെ അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടുണിസ്: ടുണീഷ്യയില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ട്രേഡ് യൂണിയന്‍ ആസ്ഥാനം അടപ്പിക്കാന്‍ പ്രസിഡന്റ് കൈസ് സയീദ് സൈന്യത്തോട് ആവശ്യപ്പെട്ടതായി ടി.വി അഭിമുഖത്തിനിടെ പറഞ്ഞതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനായ സലാഹ് അതിയാഹിനെ ടുണീഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ്യത്ത് ശക്തമായി പ്രവര്‍ത്തിക്കുന്ന യു.ജി.ടി.ടി ട്രേഡ് യൂണിയന്റെ ആസ്ഥാനം അടപ്പിക്കാന്‍ കൈസ് സയീദ് തന്റെ സൈന്യത്തോട് ആവശ്യപ്പെട്ടതായാണ് അഭിമുഖത്തിനിടെ സലാഹ് അതിയാഹ് കമന്റ് ചെയ്തത്. ഇതിന് പിന്നാലയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈസ് സയീദ്

”സിവിലിയന്‍ വസ്ത്രം ധരിച്ച പൊലീസുകാര്‍ ടുണിസിലെ ഇബ്ന്‍ ഖാല്‍ദൗനിലെ (Ibn Khaldoun) ഒരു കഫേയില്‍ വെച്ച് അതിയാഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു,” സംഭവത്തിന്റെ ദൃക്‌സാക്ഷി റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.

പ്രസിഡന്റ് സൈദ് കയീസിനെതിരെ രാജ്യമെമ്പാടും പ്രതിഷേധസമരങ്ങള്‍ നടക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.

നേരത്തെ പബ്ലിക്ക് ഓര്‍ഡര്‍ ലംഘിച്ചു, സൈന്യത്തെ നിഷ്പക്ഷത ലംഘിച്ചു എന്നീ കുറ്റങ്ങളാരോപിച്ച് സലാഹ് അതിയാഹിനെതിരെ മിലിറ്ററി പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണമാരംഭിച്ചിരുന്നു.

ശനിയാഴ്ചയായിരുന്നു ടി.വി ചാനലില്‍ അതിയാഹിന്റെ കമന്റ് വന്നത്. യു.ജി.ടി.ടി ട്രേഡ് യൂണിയന്റെ ആസ്ഥാനം അടപ്പിക്കാനും രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കാനും കൈസ് സയീദ് സൈന്യത്തോട് ആവശ്യപ്പെട്ടതായിട്ടായിരുന്നു അതിയാഹ് പറഞ്ഞത്.

എന്നാല്‍ യു.ജി.ടി.ടി ജനറല്‍ സെക്രട്ടറിയും സൈന്യവും വാര്‍ത്ത നിഷേധിച്ചിരുന്നു.

അതേസമയം, വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. കൈസ് സയീദിന്റെ സര്‍ക്കാരിനെതിരെയാണ് നൂറുകണക്കിന് പേര്‍ പ്രതിഷേധസമരം നയിക്കുന്നത്.

ജൂലൈ മാസത്തില്‍ നടക്കാനിരിക്കുന്ന സര്‍ക്കാര്‍ റെഫറന്‍ഡത്തിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. ഭരണഘടന മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ജൂലൈയില്‍ ഹിതപരിശോധന നടക്കാനിരിക്കുന്നത്.

‘പ്രസിഡന്റിന്റെ കമ്മീഷന്‍ തട്ടിപ്പ് കമ്മീഷന്‍’ എന്നിങ്ങനെയടക്കമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇലക്ടറല്‍ കമ്മീഷന്‍ തലസ്ഥാനത്തേക്കടക്കം ആളുകള്‍ പ്രതിഷേധിച്ചെത്തുന്നത്.

അഞ്ച് ചെറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ടുണീഷ്യന്‍ തലസ്ഥാനമായ ടുണിസില്‍ പ്രതിഷേധം നടത്തുന്നത്.

ഇതിനിടെ, പ്രസിഡന്റ് ജുഡീഷ്യറിയില്‍ അനാവശ്യമായി നിരന്തരം ഇടപെടുന്നതിനെതിരെ ജഡ്ജിമാരും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ടുണീസില്‍ അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു.

അഴിമതിയും മറ്റ് കുറ്റകൃത്യങ്ങളും ആരോപിച്ച് 57 ജഡ്ജിമാരെ സയീദ് നേരത്തെ ഒറ്റയടിക്ക് പിരിച്ചുവിട്ടിരുന്നു. ഇതോടെ ജുഡീഷ്യറിയുടെ അധികാരവും പ്രസിഡന്റ് കയ്യടക്കുകയായിരുന്നു.

അട്ടിമറിയിലൂടെ സയീദ് ടുണീഷ്യയുടെ ഭരണം പിടിച്ചെടുത്ത് ഒരു വര്‍ഷത്തിനിപ്പുറമാണ് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നത്.

2021 ജൂലൈ 25നായിരുന്നു കൈസ് സയീദ് ടുണീഷ്യന്‍ സര്‍ക്കാരിനെ അട്ടിമറിക്കുകയും പാര്‍ലമെന്റിനെ സസ്പെന്‍ഡ് ചെയ്യുകയും ഭരണം കയ്യടക്കുകയും ചെയ്തത്.

Content Highlight: Report says Tunisian police arrested journalist Salah Atiyah for his TV remarks about President Kais Saied

We use cookies to give you the best possible experience. Learn more