കേരളത്തിന്റെ പഴയ ഗോളടിവീരനെ റാഞ്ചാൻ തൃശൂർ മാജിക് എഫ്.സി
Football
കേരളത്തിന്റെ പഴയ ഗോളടിവീരനെ റാഞ്ചാൻ തൃശൂർ മാജിക് എഫ്.സി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th July 2024, 4:48 pm

സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണ്‍ ആരംഭിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍. ടൂര്‍ണമെന്റിന്റെ ആദ്യ സീസണിനായി വമ്പന്‍ താരങ്ങളെ ടീമില്‍ എത്തിച്ചുകൊണ്ട് ടീം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍.

മലയാളി താരം സി.കെ വിനീതിനെ ടീമിലെത്തിക്കാന്‍ തൃശൂര്‍ മാജിക് എഫ്.സി ലക്ഷ്യമിടുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഒരു പിടി മികച്ച ക്ലബ്ബുകളില്‍ പന്തു തട്ടിയ പരിചയ സമ്പന്നനായ താരമാണ് വിനീത്.

ബെംഗളൂരു എഫ്.സി, കേരള ബ്ലാസ്റ്റേഴ്‌സ്, പ്രയാഗ് യുണൈറ്റഡ്, ചെന്നൈയിന്‍ എഫ്.സി, ജംഷഡ്പൂര്‍ എഫ്.സി, പഞ്ചാബ് എഫ്.സി, ഈസ്റ്റ് ബംഗാള്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് വിനീത് ബൂട്ടുകെട്ടിയത്.

ഐ ലീഗില്‍ 93 മത്സരങ്ങളില്‍ നിന്നും 24 ഗോളുകളാണ് വിനീത് നേടിയിട്ടുള്ളത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യത്യസ്ത ക്ലബ്ബുകള്‍ക്കായി 57 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 13 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. സൂപ്പര്‍ കപ്പില്‍ ആറു മത്സരങ്ങളില്‍ നിന്നും രണ്ടു ഗോളും ഫെഡറേഷന്‍ കപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളുകളും വിനീത് നേടിയിട്ടുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2016-17 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു വിനീത് നടത്തിയിരുന്നത്. സ്റ്റീവ് കോപ്പലിന്റെ കീഴില്‍ മുന്നേറ്റനിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ആ സീസണില്‍ കേരളം ഫൈനല്‍ വരെ മുന്നേറിയിരുന്നു. എന്നാല്‍ കലാശ പോരാട്ടത്തില്‍ അത്ലെറ്റികൊ ഡി കൊല്‍ക്കത്തയോട് പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്സിന് കിരീടം നഷ്ടമാവുകയായിരുന്നു.

അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പര്‍ ലീഗ് കേരള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ടൂര്‍ണമെന്റായി ഇത് മാറും. വിവിധ ജില്ലകളില്‍ നിന്നുള്ള ആറ് ടീമുകളാണ് സൂപ്പര്‍ ലീഗില്‍ കളിക്കുക. സെപ്തംബര്‍ ഒന്നിന് കൊച്ചിയിലാണ് സൂപ്പര്‍ ലീഗിന് കിക്ക് ഓഫ്.

 

Content Highlight: Report Says Thrissur Magic Fc Want To Sign C.k Vineeth