റൊണാൾഡോയുടെ പ്രിയപ്പെട്ടവൻ പുറത്തേക്ക്? പകരമെത്തുന്നത് ചെൽസിയെ കിരീടങ്ങൾ കൊണ്ട് സമ്പന്നമാക്കിയവൻ
Football
റൊണാൾഡോയുടെ പ്രിയപ്പെട്ടവൻ പുറത്തേക്ക്? പകരമെത്തുന്നത് ചെൽസിയെ കിരീടങ്ങൾ കൊണ്ട് സമ്പന്നമാക്കിയവൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th September 2024, 1:29 pm

സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍ ലൂയിസ് കാസ്‌ട്രോക്ക് പകരക്കാരനായി പുതിയ പരിശീലകനെ തേടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വമ്പന്‍മാരുടെ പുതിയ പരിശീലകനായി എത്താന്‍ സാധ്യതയുള്ളവരിൽ ഏറ്റവും മുന്‍പന്തിയില്‍ ഉള്ളത് മുന്‍ ചെല്‍സി പരിശീലകന്‍ തോമസ് ടുഷേൽ ആണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അരസ്‌കി 9 എന്ന എക്‌സ് അക്കൗണ്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെല്‍സിയെ 2021ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ ടുഷേലിന് സാധിച്ചിരുന്നു. അന്ന് ഫൈനലില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു ചെല്‍സി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. ആ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് പുറമേ യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നീ കിരീടങ്ങളും ചെല്‍സി സ്വന്തമാക്കി.

ചെല്‍സിയെ പരിശീലനകനെന്ന നിലയില്‍ 61 മത്സരങ്ങളിലാണ് ടുഷേൽ നയിച്ചത്. ഇതില്‍ 37 തവണ ഇംഗ്ലീഷ് ക്ലബ്ബിനെ വിജയത്തിലെത്തിക്കാന്‍ ടുഷേലിന് സാധിച്ചു.

ചെല്‍സിക്ക് പുറമെ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ട്, ബയേണ്‍ മ്യൂണിക് എന്നീ ടീമുകളുടെയും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന്റെ പരിശീലകനായും ടുഷേൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം ലൂയിസിന്റെ കീഴില്‍ അത്ര മികച്ച തുടക്കമായിരുന്നില്ല അല്‍ നസറിന് ലഭിച്ചിരുന്നത്. പുതിയ സീസണ്‍ തുടങ്ങുന്നതിനു മുന്നോടിയായി നടന്ന സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ അല്‍ നസറിനെ പരാജയപ്പെടുത്തി അല്‍ ഹിലാല്‍ കിരീടം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ വിജയിച്ചത്.

ലൂയിസിന്റെ കീഴില്‍ കഴിഞ്ഞ സീസണിലും അല്‍ നസറിന് ഒരു കിരീടം പോലും നേടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ 34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാല് വീതം തോല്‍വിയും സമനിലയുമായി രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസര്‍ ഫിനിഷ് ചെയ്തിരുന്നത്. കഴിഞ്ഞ സീസണില്‍ നടന്ന കിങ്‌സ് കപ്പ് ഫൈനലിലും അല്‍ ഹിലാലിനോട് ലൂയിസ് കാസ്ട്രോയും സംഘവും പരാജയപ്പെട്ടിരുന്നു.

നിലവില്‍ സൗദി പ്രോ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ചു പോയിന്റോടെ ഏഴാം സ്ഥാനത്താണ് അല്‍ നസര്‍. കിങ് കപ്പ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ സെപ്റ്റംബര്‍ 23ന് അല്‍ ഹസാമിനെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയമാണ് വേദി.

 

Content Highlight: Report Says Thomas Tuchel Are Become the New Coach of Al Nassr