ഒടുവില്‍ എല്ലാ പ്രതീക്ഷയും മഴ കൊണ്ടുപോകുമോ? ഇന്ത്യാ-പാക് മത്സരം നടക്കുന്ന വേദിയില്‍ മഴക്കോള്‍!
Sports News
ഒടുവില്‍ എല്ലാ പ്രതീക്ഷയും മഴ കൊണ്ടുപോകുമോ? ഇന്ത്യാ-പാക് മത്സരം നടക്കുന്ന വേദിയില്‍ മഴക്കോള്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st September 2023, 11:40 pm

ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടങ്ങള്‍. ഏഷ്യാ കപ്പ് 2023ലെ അടുത്ത മത്സരം ഇരുവരും തമ്മിലാണ്. മത്സരത്തിന് മുമ്പ് ഒരുപാട് ചര്‍ച്ചകള്‍ ഈ കളിയെ കുറിച്ചുണ്ടാകറുണ്ട്.

സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ചയാണ് ഇന്ത്യ-പാക് മത്സരം. ഏഷ്യാ കപ്പിലെ മൂന്നാം മത്സരമാണ് ഇത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളി പാകിസ്ഥാന്‍ പേസ് ബൗളര്‍മാരാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളിങ് അറ്റാക്കായി കണക്കാക്കപ്പെടുന്ന ബൗളിങ്ങാണ് പാകിസ്ഥാന്റേത്.

എന്നാല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അതിനെ മറികടക്കാന്‍ കെല്‍പുള്ള പ്രതിഭാശാലികളാണ്. ഇരു ടീമുകളും ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ഏറ്റുമുട്ടുമ്പോള്‍ മത്സരം കൊഴുക്കുമെന്നുറപ്പാണ്.


എന്നാല്‍ നാളത്തെ മത്സരത്തില്‍ രസം കൊല്ലിയായി മഴയെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മത്സരം നടക്കുന്ന പല്ലെകെലെയില്‍ പകല്‍ സമയങ്ങളില്‍ മഴ പെയ്യാനുള്ള സാധ്യത 80 ശതമാനവും രാത്രിയാകുമ്പോള്‍ 75 ശതമാനവുമാണ് എന്നാണ് നിരീക്ഷണം.

പകല്‍ സമയങ്ങളില്‍ 28 സെല്‍ഷ്യസാണ് താപനിലയെങ്കില്‍ രാത്രിയാകുമ്പോള്‍ അത് 22 സെല്‍ഷ്യസായിട്ട് കുറയുമെന്നും റിപ്പോട്ടുണ്ട്.

പല്ലെക്കെലെ ക്രിക്കറ്റ് ഗ്രൗണ്ട് സ്‌കോര്‍ ചെയ്യാന്‍ എളുപ്പമുള്ള ഗ്രൗണ്ടാണ്. 250 റണ്‍സാണ് ഇവിടുത്ത ശരാശരി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മെന്‍ ഇന്‍ ഗ്രീനാണ് കൂടുതല്‍ മത്സരം ജയിച്ചതെങ്കിലും അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം ഇന്ത്യക്കാണ് പാകിസ്ഥാന് മുകളില്‍ മേല്‍കൈ.

കഴിഞ്ഞ വര്‍ഷം മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും ഇന്ത്യയോടൊപ്പമായിരുന്നു വിജയം. ഏഷ്യാ കപ്പ് ടി-20യില്‍ ഒരു മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഒരെണ്ണം പാകിസ്ഥാനും ജയിച്ചു ടി-20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തറപറ്റിക്കുകയായിരുന്നു.

Content Highlight: Report Says There Might Be chance Of Rain in Pallekele Stadium