| Saturday, 16th September 2023, 11:39 pm

ഏഷ്യാ കപ്പ് എക്‌സിറ്റ്, പാക് ഡ്രസിങ് റൂമില്‍ വഴക്ക്; ബാബറിനെതിരെ തിരിഞ്ഞ് ഷഹീന്‍; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ ഫൈനലില്‍ പ്രവേശിക്കാതെ പുറത്തായിരുന്നു. ഏറെ പ്രതീക്ഷകളുമായി ഏഷ്യാ കപ്പിന് എത്തിയ, ഫൈനല്‍ കളിക്കുമെന്ന് ആരാധകര്‍ ഏകദേശം ഉറപ്പിച്ച ടീമായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ സൂപ്പര്‍ ഫോറില്‍ പുറത്താകാനായിരുന്നു ടീമിന്റെ വിധി.

ഫീല്‍ഡിലെ പൊരുത്തമില്ലായ്മയും വമ്പന്‍ താരങ്ങളുടെയും മോശം പ്രകടനങ്ങളുമാണ് പാകിസ്ഥാന് വിനയായത്. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ക്ക് പരിക്കേറ്റതും ടീമിന് പണിയായി. വിര്‍ച്വല്‍ സെമി ഫൈനലില്‍, സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ തോറ്റാണ് പാക് പട പുറത്തായത്.

സൂപ്പര്‍ ഫോറിലെ പുറത്താവലിന് പിന്നാലെ ടീമിനുള്ളില്‍ സ്വരചേര്‍ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകന്‍ ബാബര്‍ അസമും പേസ് കുന്തമുന ഷഹീന്‍ അഫ്രിദിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായെന്നും ട്വറ്ററില്‍ പ്രചരിക്കുന്നു.

ബോല്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഫ്രസ്‌ട്രേറ്റഡായ ബാബര്‍ സീനിയര്‍ താരരങ്ങളുടെ മോശം പ്രകടനത്തെ വിമര്‍ശിച്ചു. എന്നാല്‍ ഷഹീന്‍ ഇതിനിടയില്‍ ഇടപെടുകയും നന്നായി കളിച്ചവരെ അഭിനന്ദിക്കാന്‍ പറയുകയും ചെയ്തു.

ഷഹീന്റെ ഈ ഇടപെടല്‍ ഇഷ്ടപെടാതിരുന്ന ബാബര്‍ ആര് നന്നായി കളിച്ചുവെന്നും ആര് കളിച്ചില്ലെന്നും തനിക്കറിയാമെന്നും പറഞ്ഞു.

ഈ റിപ്പോര്‍ട്ടുകളെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് ഫേക്ക് റിപ്പോര്‍ട്ടാണ് വാദിക്കുന്നവരുമുണ്ട്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തായിരുന്നു പാകിസ്ഥാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കെതിരെയും ശ്രീലങ്കക്കെതിരെയും തോറ്റ് പുറത്താകാനായിരുന്നു മെന്‍ ഇന്‍ ഗ്രീനിന്റെ വിധി.

Content Highlight: Report Says There Is Conflict between Babar Azam and Shaheen Afridi after Asia Cup Exit

We use cookies to give you the best possible experience. Learn more