| Saturday, 25th July 2020, 12:34 pm

ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഭക്ഷണം ബിരിയാണി; ഓര്‍ഡര്‍ ചെയ്തത് 5.5 ലക്ഷം തവണയെന്ന് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ഡൗണും എല്ലാ വ്യക്തികളുടെയും ജീവിതശൈലിയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ നിരവധിയാണ്. അതിലൊന്നാണ് നമ്മുടെ ഭക്ഷണശീലം. അടുക്കളയും പാചകവും സ്ത്രീകളുടെ മാത്രം ചുമതലയാണെന്ന് ധരിച്ചിരുന്നവര്‍ക്ക് തിരുത്താനും ഈ ലോക്ഡൗണ്‍ കാലം ഉപകരിച്ചു.

അടുക്കളയിലെ സ്വന്തം പരീക്ഷണം മടുത്തവര്‍ പിന്നീട് ആശ്രയിച്ചത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനായുള്ള ആപ്പുകളെയാണ്. സ്വിഗ്ഗി പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി സേവനങ്ങള്‍ രാജ്യത്ത് ധാരാളം പേര്‍ സ്ഥിരമാക്കി.

ഇതില്‍ ഏറ്റവും കൗതുകമുണ്ടാക്കുന്ന കാര്യം ഈ ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഡെലിവറിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഭക്ഷണം ബിരിയാണിയാണെന്നതാണ്.

ലോക്ഡൗണ്‍ സമയത്ത് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ ജനതയുടെ ബിരിയാണി സ്‌നേഹത്തിന്റെ വിവരങ്ങള്‍ വ്യക്തമാകുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാര്‍ അവരുടെ പ്രിയപ്പെട്ട റെസ്റ്റോറന്റുകളില്‍ നിന്ന് 5.5 ലക്ഷം തവണയാണ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.

ബിരിയാണിക്ക് തൊട്ടുപിന്നില്‍ മസാല ദോശയും ബട്ടര്‍ നാനും സ്ഥാനം പിടിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഇതിപ്പോള്‍ നാലം തവണയാണ് ഇന്ത്യക്കാരുടെ ഇഷ്ടവിഭവമായി ബിരിയാണി മാറിയത്.

കഴിഞ്ഞ നാലുവര്‍ഷവും ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളുടെ പട്ടികയില്‍ ബിരിയാണി ഒന്നാം സ്ഥാനം നേടിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഭക്ഷണസാധനങ്ങള്‍, പലചരക്ക്, അത്യാവശ്യ മരുന്നുകള്‍, മാസ്‌ക്, സാനിറ്റൈസറുകള്‍ തുടങ്ങിയവ ലോക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ആയി എത്തിക്കുന്നതിനുള്ള സംവിധാനവും സ്വിഗ്ഗി ഏര്‍പ്പെടുത്തിയിരുന്നു. ഏകദേശം 40 ദശലക്ഷം ഓര്‍ഡറുകളാണ് ഇന്ത്യയില്‍ നിന്ന് മാത്രം സ്വിഗ്ഗിയ്ക്ക് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more