| Saturday, 13th August 2022, 8:17 am

സല്‍മാന്‍ റുഷ്ദിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കും; നില ഗുരുതരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു. ശാസ്ത്രക്രിയയ്ക്ക് ശേഷം റുഷ്ദി വെന്റിലേറ്ററില്‍ തുടരുകയാണ്. സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ല എന്നും കൈ ഞരമ്പുകള്‍ അറ്റു പോയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതകളും ആശുപത്രി അധികൃതര്‍ മുന്നോട്ടുവെച്ചിരുന്നു.

യു.എസിലെ ന്യൂയോര്‍ക്കില്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം ഉണ്ടായത്.

വേദിയിലിരുന്ന റുഷ്ദിക്ക് നേരെ പാഞ്ഞെത്തിയ അക്രമി അദ്ദേഹത്തെ ഇടിക്കുകയും കത്തി കൊണ്ട് ശക്തമായി കുത്തുകയുമായിരുന്നു. കഴുത്തിലും വയറിലുമാണ് റുഷ്ദിക്ക് കുത്തേറ്റത്. കരളിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ഹാദി മറ്റാര്‍ എന്ന 24കാരനാണ് റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ബാഗ് വേദിക്കരികില്‍ നിന്നും കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

സാത്താനിക് വേഴ്‌സസ് എന്ന പുസ്തകം എഴുതിയതിന് ശേഷം റുഷ്ദിക്ക് നേരെ വധഭീഷണി നിലനിന്നിരുന്നു.

റുഷ്ദിയെ ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
റുഷ്ദി ആക്രമിക്കപ്പെട്ട ശേഷം വേദിയിലുണ്ടായിരുന്നവരെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടുന്നതായുള്ള വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ റുഷ്ദിക്ക് നേരെ നിരന്തരം വധഭീഷണികള്‍ വരാറുണ്ട്. വിവാദമായ The Satanic Verses എന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന് ശേഷമായിരുന്നു വധഭീഷണികള്‍ വരാന്‍ തുടങ്ങിയത്. ഈ പുസ്തകം ഇസ്‌ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ച് ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു.

1981ലെ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ അടക്കമുള്ള വിഖ്യാതമായ കൃതികളുടെ രചയിതാവാണ് ബുക്കര്‍ പ്രൈസ് ജേതാവായ റുഷ്ദി. ഇന്ത്യന്‍- ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 വര്‍ഷമായി യു.എസിലാണ് താമസിക്കുന്നത്.

Content Highlight: Report says that vision of Salman Rushdie may be lost

We use cookies to give you the best possible experience. Learn more