വന്‍ ഹിറ്റായ മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ദളപതി 67ല്‍ പാട്ടുകള്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്.
ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ചിത്രത്തില്‍ പാട്ടുകള്‍ ഉണ്ടാകില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പാട്ടുകള്‍ ഉണ്ടാവില്ലെങ്കിലും മള്‍ട്ടി തീം ട്രാക്കുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാം സി.എസോ, അനിരുദ്ധ് രവിചന്ദറോ ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആക്ഷന് പ്രാധാന്യം നല്‍കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായിട്ടാണ് ദളപതി 67 ഒരുങ്ങുന്നത്.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളും ലൊക്കേഷന്‍ ഹണ്ടും പുരോഗമിക്കുകയാണ്.
14 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെ ഹിറ്റ് ജോഡി വിജയിയും തൃഷയും ലോകേഷ് ചിത്രത്തില്‍ ഒന്നിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2008ല്‍ പുറത്തുവന്ന കുരുവിയാണ് ഇരുവരും ഒടുവില്‍ ഒരുമിച്ചെത്തിയ ചിത്രം. ആക്ഷന് ഏറെ പ്രാധ്യാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് അന്‍ബറിവ് എന്നിവരായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ലോകേഷ്-കമല്‍ഹാസന്‍ ചിത്രം വിക്രത്തിന്റെ ആക്ഷന്‍ രംഗങ്ങളും സംവിധാനം ചെയ്തത് ഇവരായിരുന്നു.
വിവിധ തമിഴ് മാധ്യമങ്ങളാണ് ദളപതി 67 നെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. സാമന്തയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മുന്‍ വിജയ് ചിത്രം മാസ്റ്റര്‍ ഷൂട്ടിങ് ആരംഭിച്ച ഒക്ടോബറില്‍ തന്നെ ദളപതി 67ഉം ഷൂട്ടിങ് തുടങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
നിലവില്‍ വംശി പെഡിപള്ളി സംവിധാനം ചെയ്യുന്ന വാരിസിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വിശാഖപട്ടണത്ത് പുരോഗമിക്കുകയാണ്.
വമ്പന്‍ താരനിര അണിനിരന്ന ചിത്രം ഫാമിലി ഡ്രാമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക. പ്രകാശ് രാജ്, ശരത് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
ചിത്രത്തില്‍ വിജയ് ആപ്പ് ഡെവലപ്പര്‍ ആയിട്ടാവും എത്തുക എന്ന് നേരെത്തെ സണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് രാജേന്ദ്രന്‍ എന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷുമാണ് ചിത്രം നിര്‍മിക്കുന്നത്.
ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ബീസ്റ്റാണ് വിജയിയുടെ ഒടുവില്‍ പുറത്തുവന്ന ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
Content Highlight: Report says that Vijay’s Thalapathy 67 will have no songs it complete action drama directed by Lokesh Kanakaraj