|

റോളക്‌സ് തിരിച്ചു വരുന്നു; ലോകേഷ് പറഞ്ഞ കഥ സൂര്യക്ക് ഇഷ്ടപ്പെട്ടു: റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം തിയേറ്ററുകളില്‍ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.

ചിത്രത്തില്‍ ക്യാമിയോ റോളില്‍ എത്തിയ സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രവും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സ് ആയത് കൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലും റോളക്‌സിന്റെ സാന്നിധ്യം ആരാധകര്‍ പ്രതീക്ഷിച്ചതുമാണ്.

ഇപ്പോഴിതാ റോളക്‌സിന്റെ സ്റ്റാന്റ് എലോണ്‍ ചിത്രം സംഭവിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും പുതുതായി പുറത്തുവരുന്നത്. ലോകേഷ് സുര്യയോട് റോളക്‌സ് സ്റ്റാന്റ് എലോണ്‍ ചിത്രത്തിനായി ഒരു കഥ പറഞ്ഞുവെന്നും ആ കഥ അദ്ദേഹത്തിന് ഇഷ്ടമായി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ നടന്ന ഒരു ഫാന്‍ മീറ്റില്‍ സൂര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്ന തരത്തിലാണ് നിരവധി സിനിമാ ട്രാക്കിങ് ട്വിറ്റര്‍ പേജുകള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂര്യയെ ഉദ്ധരിച്ച് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലൈനപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

വെട്രിമാരന്റെ വിടുതലൈ രണ്ടാം ഭാഗത്തിന് ശേഷമാകും ഇരുവരും ഒന്നിക്കുന്ന വാടിവാസല്‍ തുടങ്ങുകയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. താനും ലോകേഷും ഇരുമ്പു കൈ മായാവിക്കായും ഒന്നിക്കുമെന്നും ഫാന്‍സ് മീറ്റില്‍ സൂര്യ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം ശിവയുമായി ഒന്നിക്കുന്ന കങ്കുവയുടെ ഔട്ട് മികച്ചതായിരിക്കുമെന്നും സൂര്യയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിസ്റ്റോറിക്കല്‍ ഫിക്ഷനായൊരുങ്ങുന്ന ചിത്രമാണ് കങ്കുവ. രജിനികാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

3D യിലാണ് ചിത്രം ഒരുങ്ങുന്നത്. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് നേടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

Content Highlight: Report says that Rolex standalone movie is on cards lokesh narrated script to suriya