ജമ്മു കശ്മീര്‍ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ പീരങ്കി പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്
World News
ജമ്മു കശ്മീര്‍ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ പീരങ്കി പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd November 2024, 5:05 pm

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ എസ്.എച്ച് 15ന്റെ പകര്‍പ്പും 155 എം.എം ട്രക്ക് മൗണ്ടഡ് ഹോവിറ്റ്‌സറും ഉള്‍പ്പെടെയുള്ള വിവിധ സംവിധാനങ്ങളുപയോഗിച്ച് പാക്കിസ്ഥാന്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്.

പാക്കിസ്ഥാന്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളുമായുമായും തുര്‍ക്കിയുമായും പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് പരീക്ഷണമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് പ്രതിരോധ കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഗള്‍ഫ് രാജ്യവുമായി സഹകരിച്ചാണ് നിയന്ത്രണരേഖയില്‍ പീരങ്കികളുടെ പരീക്ഷണം നടത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

ഷൂട്ട് ആന്റ് സ്‌കൂട്ടില്‍ പ്രത്യേകതയുള്ള എസ്.എച്ച് 15 എന്ന തോക്കുകളെക്കാള്‍ ഉയര്‍ന്ന സ്‌ഫോടക വസ്തുക്കള്‍, കവചങ്ങള്‍, സ്‌മോക്ക് റൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടെ യുദ്ധത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കള്‍ പരീക്ഷണത്തിനുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

24 കിലോമീറ്റര്‍ ഫയറിങ് റേഞ്ചുള്ള വെറും നാല്‍പത് സെക്കന്റിനുള്ളില്‍ ആറ് ഷെല്ലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന ആയുധശേഖരമാണ് പാക്കിസ്ഥാന്‍ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

തുര്‍ക്കി പ്രതിരോധ കമ്പനിയായ എന്‍.എഫ്.എസ്.എസ് നിര്‍മിച്ച ആധുനിക 105 എം.എം പീരങ്കിയും പാക്കിസ്ഥാന്‍ സൈന്യം ഉപയോഗിക്കുന്നതായും ഉഗ്രസ്‌ഫോടന വസ്തുക്കള്‍, റൈഫിള്‍ഡ് തോക്ക് തുടങ്ങിയ നിരവധി സജ്ജീകരണങ്ങള്‍ പാക്കിസ്ഥാന്‍ സൈന്യം തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക്കിസ്ഥാന്‍ സൈനിക ശേഷി മെച്ചപ്പെടുത്തുന്നതില്‍ ചൈനക്കും പങ്കുണ്ടെന്നും പല നൂതന സംവിധാനങ്ങളുടെയും സഹായം ചൈന നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്.

നിയന്ത്രണരേഖയില്‍ എന്‍ക്രിപ്റ്റഡ് കമ്മ്യൂണിക്കേഷന്‍ ടവറുകളും ഭൂഗര്‍ഭ ഫൈബര്‍ ഒപ്റ്റിക് കേബിളുകളും സ്ഥാപിക്കുന്നതിലും പാക്കിസ്ഥാന് ചൈനയുടെ പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Report says that Pakistan has conducted an artillery test along the Line of Control in Jammu and Kashmir