കണ്ണൂര്‍ സ്‌ക്വാഡ് ഡബ്ബിങ് പൂര്‍ത്തിയായി; അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ മമ്മൂട്ടി ചിത്രങ്ങള്‍
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡിന്റെ’ മമ്മൂട്ടിയുടെ ഡബ്ബിങ് പൂര്‍ത്തിയായി എന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് നേരത്തെ ശ്രദ്ധ നേടിയിരുന്നു. ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥനാവുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂനെ, പാല എന്നീ സ്ഥലങ്ങള്‍ കൂടാതെ കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനുകള്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം നടന്‍ റോണി ഡേവിഡ് രാജ് സഹ തിരക്കഥാകൃത്താണ്.
മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിങ് പ്രവീണ്‍ പ്രഭാകറുമാണ്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്.
റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയവയാണ് മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ നിര്‍മിച്ചതും മമ്മൂട്ടി കമ്പനിയാണ്.
ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബി.ഉണ്ണി കൃഷ്ണനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.
നിലവില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഒരു ദുര്‍മന്ത്രവാദിയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍.എല്‍.പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടതും ചിത്രീകരണം ആരംഭിച്ചതും ഇക്കഴിഞ്ഞ ചിങ്ങം 1 ന് ആയിരുന്നു.
Content Highlight: Report says that Mammootty’s dubbing on kannur squad is finished