| Tuesday, 23rd August 2022, 10:05 am

രജനിക്കൊപ്പം ജയിലറില്‍ വിനായകനും? വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അണ്ണാത്തെക്ക് ശേഷം രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലറില്‍ മലയാളി താരം വിനായകന്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഇതിന് പിന്നാലെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നടന്‍ വിനായകനും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

പ്രശസ്ത മൂവി ട്രാക്കറായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ജയിലറില്‍ പ്രധാന വേഷത്തില്‍ മലയാള നടന്‍ വിനായകന്‍ അഭിനയിക്കുന്നുണ്ട് എന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.

മുമ്പ് നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റിലും മലയാള നടനായ ഷൈന്‍ ടോം ചാക്കോ എത്തിയിരുന്നു. ജയിലര്‍ 2023 ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ലക്ഷ്യമിടുന്നത്.

രജനികാന്തിനൊപ്പം ശിവരാജ്കുമാറും ചിത്രത്തിന്റെ ഭാഗമാകും. പുതിയ ചിത്രത്തിന് വേണ്ടി താരം റെക്കോര്‍ഡ് തുകയാണ് പ്രതിഫലമായി വാങ്ങുന്നതെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചിത്രത്തിനായി 151 കോടിയാണ് താരം വാങ്ങുന്നതെനായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. അണ്ണാത്തെയ്ക്ക് 100 കോടിയാണ് രജനികാന്ത് പ്രതിഫലം വാങ്ങിയിരുന്നത്.

50 കോടിയുടെ വര്‍ധനവാണ് താരത്തിന്റെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍ എന്നാണ് റിപ്പോര്‍ട്ട്.

സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ചിത്രീകരണം ആരംഭിച്ച ശേഷം പുറത്തുവിടും. ചിത്രത്തിന്റെ സംഗീതസംവിധാനം അനിരുദ്ധ് രവിചന്ദറാണ് നിര്‍വഹിക്കുന്നത്. ശിവകാര്‍ത്തികേയനും ചിമ്പുവും ജയിലറിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തമന്ന ഭാട്ടിയയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ശിവരാജ് കുമാറാണ് ജയിലറില്‍ വില്ലനായെത്തുക എന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രജിനീകാന്തിന്റെ 169-ാ മത്തെ ചിത്രത്തില്‍ പങ്കുചേരുന്നതിന്റെ സന്തോഷം ശിവരാജ് കുമാര്‍ പങ്കുവെച്ചിരുന്നു.

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: Report says that Malayalam actor Vinayakan gets a pivotal role in rajinikanth movie jailer

We use cookies to give you the best possible experience. Learn more