ഗസ: ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിന്റെ മരണത്തിന് പിന്നാലെ ഹമാസ് വിദേശകാര്യ വിഭാഗം തലവന്‍ ഖാലിദ് മഷല്‍ പുതിയ ഹമാസ് തലവനാകും എന്ന് റിപ്പോര്‍ട്ട്. ആക്ടിങ് തലവനായി ഖാലിദ് മഷലിനെ തെരഞ്ഞെടുത്തതായി ലെബനന്‍ മാധ്യമമായ എല്‍.ബി.സി.ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഖാലിദ് മഷലിന് പുറമെ മറ്റൊരു നേതാവായ ഖലീല്‍ ഹയ്യയുടെ പേരും നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രഈല്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെടുന്നത്. ഹമാസും സിന്‍വാറുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ശത്രുക്കള്‍ക്കെതിരെ അവസാനശ്വാസം വരെ പോരാടിയതിന് ശേഷമാണ് സിന്‍വാര്‍ മരണപ്പെട്ടതെന്നും ജെറുസലേം തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കി.
ഗസയില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ ആണെന്നും സംശയിക്കുന്നതായി ഇസ്രഈല്‍ പ്രതിരോധ സേന വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഡി.എന്‍.എ പരിശോധന ഫലം പുറത്ത് വന്നതിന് ശേഷമാണ് മരിച്ചത് സിന്‍വാര്‍ ആണെന്ന് ഇസ്രഈല്‍ സ്ഥിരീകരിച്ചത്.
മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സിന്‍വാറുടെ അവസാന നിമിഷങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോയും ഇസ്രഈല്‍ സൈന്യം അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴി പുറത്ത് വിട്ടിരുന്നു. വീഡിയോയില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ പാതി മുറിഞ്ഞ കൈയുമായി സോഫയില്‍ ഇരിക്കുന്ന ഹമാസ് നേതാവിനെയാണ് കാണിക്കുന്നത്. എന്നാല്‍ ഡ്രോണ്‍ വഴി വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഡ്രോണിന് നേരെ സിന്‍വാര്‍ വടി എറിയുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ഇറാനില്‍ വെച്ച് ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ മുന്‍ തലവന്‍ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ട സമയത്തും നേതൃസ്ഥാനത്തേക്ക് മഷലിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. 1996ല്‍ മഷല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ വിഭാഗം നേതാവായിരുന്നു.
1998ല്‍ ജോര്‍ദാനില്‍ വെച്ച് ഇസ്രഈല്‍ അദ്ദേഹത്തിനെ സ്ലോ പോയിസണ്‍ കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ചതോടെ കോമയിലായിരുന്നു. തുടര്‍ന്ന് ജോര്‍ദാനുമായുള്ള നയതന്ത്ര കരാറിന്റെ ഭാഗമായി ഇസ്രഈല്‍ മറുമരുന്ന് നല്‍കിയതോടെയാണ് മഷല്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017ല്‍ ഇസ്മയില്‍ ഹനിയ പൊളിറ്റിക്കല്‍ വിഭാഗം തലവനായി ചുലമതലയേറ്റപ്പോള്‍ മഷല്‍ സ്ഥാനമൊഴിയുകയായിരുന്നു.
എന്നാല്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍-അഷാദിനെതിരായ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചതിനാല്‍ ഇറാനുമായി മഷലിന്റെ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
Content Highlight: Report says that Khaled Mashal will appointed as new Hamas Chief