പ്രേക്ഷകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കമല്‍ഹാസനും ചിത്രത്തിന്റെ ഭാഗമായി എത്തും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത് സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക കമായി വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മണിരത്നവും കമല്‍ ഹാസനും 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. 1987ല്‍ റിലീസ് ചെയ്ത ‘നായകനി’ലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.
സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ആമസോണിന് വിറ്റുപോയത്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.
റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, തൃഷ, ശോഭിതാ ധൂലിപാല, ജയചിത്ര എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
ഛായാഗ്രഹണം രവി വര്‍മന്‍. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം. ശ്രീകര്‍ പ്രസാദ് എഡിറ്റിങും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.