| Tuesday, 28th June 2022, 1:11 pm

പ്രയാഗ്‌രാജിലെ ബുള്‍ഡോസര്‍ ആക്രമണം; ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹാബാദ്: പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പ്രയാഗ്‌രാജിലെ പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകന്‍ ജാവേദ് അഹ്മദിന്റെ വീട് തകര്‍ത്ത സംഭവത്തില്‍ നല്‍കിയ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.

അലഹാബാദ് ഹൈക്കോടതി ജഡ്ജിയായ സുനിത അഗര്‍വാളാണ് ഹരജി പരിഗണക്കുന്നതില്‍ നിന്ന് പിന്മാറിയത്. അനധികൃത നിര്‍മാണം ആരോപിച്ച് വീട് കൈയ്യേറ്റം ചെയ്ത യു.പി സര്‍ക്കാര്‍ നടപടിക്കെതിരെ വീടിന്റെ ഉടമസ്ഥയും ജാവേദിന്റെ ഭാര്യയുമായ ഫാത്തിമയാണ് ഹരജി നല്‍കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് കൂടിയാണ് ഫാത്തിമ. ഹരജി ഇന്ന് തന്നെ മറ്റൊരു ബെഞ്ച് പരിഗണിച്ചേക്കും.

പൊളിച്ചുമാറ്റിയ വീട് തന്റെ പേരിലാണെന്നും പൊളിക്കുന്നതിന് മുന്‍പ് അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നില്ലെന്നും ഫാത്തിമ ഹരജിയില്‍ വ്യക്തമാക്കി. വീട് അനധികൃതമായി നിര്‍മിച്ചതല്ലെന്നും നിയമം പാലിച്ച് നിര്‍മിച്ചതാണെന്നും ഫാത്തിമ പറഞ്ഞു. ചിലരുടെ പ്രത്യേക താത്പര്യങ്ങളും പ്രത്യേക അജണ്ടകളുമാണ് പൊളിച്ചുനീക്കലിന് പിന്നിലെന്നും പാത്തിമ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനാണ് ജാവേദ് മുഹമ്മദ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ജൂണ്‍ 11ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

ടൈംസ് നൗവില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.

നുപുര്‍ ശര്‍മയെ പുറത്താക്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍, നടപടി തെറ്റാണെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ അഭിപ്രായം. പാര്‍ട്ടിയുടെ ആശയം മാത്രമാണ് നുപുര്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്നും ഇതിന് ബി.ജെ.പി സ്വീകരിച്ച നടപടി ശരിയല്ലെന്നുമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വാദം.

Content Highlight: report says that judge withdrew from hearing the petition in prayagraj case

We use cookies to give you the best possible experience. Learn more