ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി രജിനികാന്ത് എത്തിയ നെല്‍സണ്‍ ദിലീപ്കുമാര്‍ ചിത്രം ജയിലര്‍ റിലീസ് ആയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ആദ്യ ഷോ മുതല്‍ ചിത്രത്തിന് ലോകമെമ്പാടടും നിന്ന് ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രം കാണാനുള്ള മലയാളികളുടെ തള്ളികയറ്റം വെച്ച് നോക്കുമ്പോള്‍ ചിത്രം കേരളത്തില്‍ ആദ്യ ദിനത്തില്‍ റോക്കോഡ് കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ മുന്നൂറിലധികം തിയേറ്ററുകളിലാണ് ജയിലര്‍ റിലീസിനെത്തിയത്. രാത്രികാല ഷോകള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ 2023ലെ ഓപ്പണിങ് കളക്ഷന്‍ കണക്കുകളില്‍ ഒന്നാം സ്ഥാനത്തേക്ക് ജയിലര്‍ എത്തുമെന്നാണ് സിനിമാ ട്രക്കര്‍മാര്‍ പ്രീഡിക്ഷനായി പറയുന്നത്.
നിലവില്‍ 4.45 കോടി രൂപ നേടിയ വാരിസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. കേരളത്തില്‍ നിന്നും അഞ്ചു കോടിക്ക് മുകളില്‍ ആദ്യ ദിവസം ജയിലര്‍ നേടുമെന്നാണ് ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയില്‍ നിന്ന് വ്യക്തമാകുന്നത്. ഉയര്‍ന്ന ആവശ്യം കണക്കിലെടുത്ത് രാത്രി വൈകിയും കേരളത്തിലെ തിയേറ്ററുകളില്‍ അധിക ഷോകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.
അതേസമയം ജയിലറില്‍ മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയത് മലയാളി പ്രേക്ഷകരെ കൂടുതലായി തിയേറ്ററില്‍ എത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്.
ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് മൗത്തും കണക്കിലെടുത്താല്‍ റെക്കോഡ് കളക്ഷന്‍ തന്നെയാകും സിനിമ സ്വന്തമാക്കുകയെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.