ഇരു വശത്തുമുള്ള സൈന്യത്തെ പിരിച്ചുവിടുന്നതും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള എല്ലാ പ്രക്രിയയും ഏകദേശം അവസാനിച്ചതായും ഒക്ടോബര്‍ 29 ചൊവ്വാഴ്ചയോടെ പിന്‍വലിക്കല്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ സൈന്യം പിന്‍ ലൊക്കേഷനുകളിലെ സൈനിക ഉപകരണങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
കിഴക്കന്‍ ലഡാക്കിലെ ഡെപ്‌സാങ്ങിലെയും ഡെംചോക്കിലെയും സൈന്യത്തെ പിരിച്ചുവിടുന്നത് ആദ്യ നടപടിയാണെന്നും 2020ലെ പട്രോളിങ് നിലയിലേക്ക് ഇന്ത്യ തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.
ഡെപ്‌സാങ്ങിലെയും ഡെംചോക്കിലെയും പട്രോളിങ് നടപടികളില്‍ സമവായമുണ്ടായതായും ഇക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സമയമെടുക്കുമെന്നും അതിര്‍ത്തിയിലുള്ള സൈന്യത്തിന് സാധാരണനിലയിലേക്കെത്താന്‍ കഴിയുമെന്നും നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം അതിര്‍ത്തികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സുഗമമാക്കുന്നതിന് കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ പട്രോളിങ് നടപടികള്‍ ഒക്ടോബര്‍ 28, 29 തീയ്യതികള്‍ക്കകം പൂര്‍ത്തിയാവുമെന്ന റിപ്പോര്‍ട്ട് വന്നിരുന്നു.
അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കിഴക്കന്‍ ലഡാക്കിലെ എല്‍.എ.സി നിയന്ത്രണരേഖയില്‍ പട്രോളിങ് നടത്തുന്നതില്‍ ധാരണയായത്.
2020ല്‍ ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെ സൈന്യങ്ങളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ ആദ്യ കരാര്‍ കൂടിയാണിത്. ഈ കരാറിനനുസരിച്ച് ഡെംചോങ്ങിനും ഡെപ്സാങ്ങിനും മാത്രമേ സാധുതയുള്ളൂവെന്നും മറ്റ് സ്ഥലങ്ങളില്‍ ഇത് ബാധകമല്ലെന്നും ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇന്ത്യ-ചൈന അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നയതന്ത്ര-സൈനിക മാര്‍ഗങ്ങളിലൂടെ കൂടിയാലോചനകള്‍ നടത്തിവരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
Content Highlight: report says that India, China withdraw nearly 90 percent of troops in Deptsang, Deptchong