| Saturday, 23rd July 2022, 8:15 am

'സര്‍ക്കാരിനെതിരായ വിമര്‍ശനം വേണ്ട'; താലിബാന്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവ്; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെതിരായി വിമര്‍ശനമുന്നയിക്കാന്‍ പാടില്ലെന്ന ഉത്തരവുമായി രാജ്യത്തെ താലിബാന്‍ സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുമെന്നാണ് താലിബാന്റെ പുതിയ ഉത്തരവില്‍ പറയുന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

താലിബാന്‍ സര്‍ക്കാരിന്റെ ഭാഗമായ പണ്ഡിതരെയും സര്‍ക്കാരുദ്യോഗസ്ഥരെയും ആധികാരികതയില്ലാതെ വിമര്‍ശിക്കുന്നവരെ, അത് ആംഗ്യത്തിലൂടെയായലും വാക്കുകളിലൂടെയായാലും, ശിക്ഷിക്കുമെന്നാണ് പുതിയ ഉത്തരവ്.

ഇത് സംബന്ധിച്ച ‘നിര്‍ദേശങ്ങള്‍’ താലിബാന്‍ വക്താവ് സബിയുല്ലാഹ് മുജാഹിദ്, പരമോന്നത നേതാവ് മുല്ല ഹിബത്തുല്ലാഹ് അഖുന്‍ഡ്‌സാദയുടെ പേരില്‍ പുറപ്പെടുവിച്ചു. ഇത് നടപ്പാക്കേണ്ടത് രാജ്യത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ‘ശരീഅത്ത് ഉത്തരവാദിത്ത’മാണെന്നും ഉത്തരവില്‍ പറയുന്നതായി വോയ്‌സ് ഓഫ് അമേരിക്ക (VOA) റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ‘ശത്രുക്കളെ സഹായിക്കുന്ന’ പ്രവര്‍ത്തിയായും സര്‍ക്കാരിനെതിരായ ‘നെഗറ്റീവ് പ്രൊപ്പഗാണ്ട’യായും കണക്കാക്കപ്പെടുമെന്നും ഉത്തരവില്‍ പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

താലിബാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമെതിരെ ‘അനാവശ്യ’ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കാനും ഉത്തരവില്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചര്‍ച്ചകളിലും താലിബാന്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങളുയരാറുള്ളതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരില്‍ താലിബാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരന്തരം വിമര്‍ശിക്കപ്പെടാറുണ്ട്.

‘സോഷ്യല്‍ മീഡിയയിലൂടെ താലിബാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ചിലരെ ഭരണകൂടം അറസ്റ്റ് ചെയ്ത് തടവിലാക്കിയിട്ടുണ്ട്’ എന്നും ചില മനുഷ്യാവകാശ സംഘടനകളുടെയും മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് വി.ഒ.എ പറയുന്നു.

Content Highlight: Report says that In New order Taliban Says Criticism Of Government authorities will be punishable

We use cookies to give you the best possible experience. Learn more