കാബൂള്‍: ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെതിരായി വിമര്‍ശനമുന്നയിക്കാന്‍ പാടില്ലെന്ന ഉത്തരവുമായി രാജ്യത്തെ താലിബാന്‍ സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുമെന്നാണ് താലിബാന്റെ പുതിയ ഉത്തരവില്‍ പറയുന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
താലിബാന്‍ സര്‍ക്കാരിന്റെ ഭാഗമായ പണ്ഡിതരെയും സര്‍ക്കാരുദ്യോഗസ്ഥരെയും ആധികാരികതയില്ലാതെ വിമര്‍ശിക്കുന്നവരെ, അത് ആംഗ്യത്തിലൂടെയായലും വാക്കുകളിലൂടെയായാലും, ശിക്ഷിക്കുമെന്നാണ് പുതിയ ഉത്തരവ്.
ഇത് സംബന്ധിച്ച ‘നിര്‍ദേശങ്ങള്‍’ താലിബാന്‍ വക്താവ് സബിയുല്ലാഹ് മുജാഹിദ്, പരമോന്നത നേതാവ് മുല്ല ഹിബത്തുല്ലാഹ് അഖുന്‍ഡ്‌സാദയുടെ പേരില്‍ പുറപ്പെടുവിച്ചു. ഇത് നടപ്പാക്കേണ്ടത് രാജ്യത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ‘ശരീഅത്ത് ഉത്തരവാദിത്ത’മാണെന്നും ഉത്തരവില്‍ പറയുന്നതായി വോയ്‌സ് ഓഫ് അമേരിക്ക (VOA) റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ‘ശത്രുക്കളെ സഹായിക്കുന്ന’ പ്രവര്‍ത്തിയായും സര്‍ക്കാരിനെതിരായ ‘നെഗറ്റീവ് പ്രൊപ്പഗാണ്ട’യായും കണക്കാക്കപ്പെടുമെന്നും ഉത്തരവില്‍ പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്.