| Monday, 16th May 2022, 8:10 am

പാക് വിദേശകാര്യ മന്ത്രി യു.എസിലേക്ക് പോകുന്നത് ആന്റണി ബ്ലിങ്കനോട് ഭിക്ഷ ചോദിക്കാന്‍; യു.എസ് പാകിസ്ഥാനെ അടിമയാക്കി മാറ്റി: ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനില്‍ നിന്നും പണം ഭിക്ഷ ചോദിക്കാനാണ് പാകിസ്ഥാന്റെ വിദേശകാര്യമന്ത്രി ബിലാവല്‍ ബൂട്ടോ സര്‍ദാരി യു.എസ് സന്ദര്‍ശിക്കുന്നതെന്ന് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ബിലാവലും അദ്ദേഹത്തിന്റെ പിതാവ് ആസിഫ് അലി സര്‍ദാരിയും ലോകമെമ്പാടും അവരുടെ സ്വത്തുക്കള്‍ എവിടെയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് ആന്റണി ബ്ലിങ്കന് അറിയാമെന്നും അതുകൊണ്ട് തന്നെ ബ്ലിങ്കനെ നിരാശനാക്കുന്ന തരത്തില്‍ ബിലാവല്‍ പെരുമാറില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച ഫൈസാബാദില്‍ നടന്ന റാലിക്കിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. ദി ന്യൂസ് ഇന്റര്‍നാഷണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അടുത്തയാഴ്ചയാണ് ബിലാവല്‍ ബൂട്ടോ സര്‍ദാരി യു.എസ് സന്ദര്‍ശിക്കുന്നത്.

റാലിക്കിടെ യു.എസിനെതിരെ ഇമ്രാന്‍ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങളുന്നയിച്ചു.

”ആക്രമിച്ച് കീഴടക്കാതെ തന്നെ പാകിസ്ഥാനെ യു.എസ് അവരുടെ അടിമയാക്കി മാറ്റി,” എന്നായിരുന്നു ഇമ്രാന്‍ പറഞ്ഞത്.

യു.എസ് സ്വന്തം കാര്യം മാത്രി നോക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും തങ്ങള്‍ക്ക് ഗുണമുണ്ട് എന്ന് തോന്നാത്ത പക്ഷം മറ്റ് രാജ്യങ്ങളെ സഹായിക്കില്ലെന്നും പറഞ്ഞ ഇമ്രാന്‍ ഖാന്‍ സ്വതന്ത്ര രാജ്യമായ ഇന്ത്യയോട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ യു.എസ് ധൈര്യപ്പെടില്ലെന്നും റാലിക്കിടെ പറഞ്ഞു.

പാകിസ്ഥാനിലെ കെട്ടിയിറക്കിയ സര്‍ക്കാരിനെ ഇവിടുത്തെ ജനങ്ങള്‍ അംഗീകരിക്കില്ല എന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഏത് നിമിഷവും കൊല്ലപ്പെടാമെന്നും ഇമ്രാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇമ്രാന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായത്. പിന്നാലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ നേതാവുമായിരുന്ന ഷെഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയായിരുന്നു.

Content Highlight: Report says that Imran Khan has said US has made Pakistan its slave

We use cookies to give you the best possible experience. Learn more