| Monday, 22nd August 2022, 6:29 pm

ഹൗസ് ഓഫ് ദി ഡ്രാഗണ്‍ എത്തി; എച്ച്.ബി.ഒ മാക്സ് അടിച്ചുപ്പോയി ഗയ്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷക ലക്ഷങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വലായ ഹൗസ് ഓഫ് ദി ഡ്രാഗണ്‍ കഴിഞ്ഞ ദിവസമാണ് സ്ട്രീമിങ് തുടങ്ങിയത്.

എച്ച്.ബി.ഒ, എച്ച്.ബി.ഒ മാക്‌സ് എന്നിവയില്‍ സ്ട്രീമിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് വെബ്‌സീരിസിന് ലഭിക്കുന്നത്.

പ്രതീക്ഷിച്ചതിന് അപ്പുറത്തേക്ക് ആളുകള്‍ സീരീസ് കാണാന്‍ എച്ച്. ബി.ഒ മാക്‌സിലേക്ക് എത്തിയതോടെ സ്ട്രീമിങ് ഭീമന്റെ സെര്‍വര്‍ പണിമുടക്കി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സ്ട്രീമിങ് സര്‍വീസ് ഉപഭോക്താക്കളില്‍ നിരവധി പേരാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ ഹൗസ് ഓഫ് ദി ഡ്രാഗണ്‍ കാണാന്‍ സാധിക്കുന്നില്ല എന്ന് പരാതികള്‍ പറഞ്ഞ് രംഗത്തെത്തിയിരുന്നത്.

ട്വിറ്ററില്‍ ഇതിനെതുടര്‍ന്ന് എച്ച്.ബി.ഒ മാക്സ് ക്രാഷ്(#വയീാമഃരൃമവെ) എന്ന ഹാഷ്ടാഗും ട്രെന്റിങ് ആയിട്ടുണ്ട്. എച്ച്.ബി.ഒയുടെ പ്രീമിയം പ്ലാനുകള്‍ നല്‍കുന്ന സ്ട്രീമിങ് സര്‍വീസാണ് എച്ച്.ബി.ഒ മാക്സ്. ഫോര്‍ കെ അള്‍ട്ര എച്ച്.ഡിയിലാണ് സീരീസ് എച്ച്.ബി.ഒ മാക്‌സില്‍ സ്ട്രീമിങ് ചെയ്യുന്നത്. ഇതാവാം സ്ട്രീമിങ്ങില്‍ തടസം നേരിടുന്നതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ട്രീമിങ്ങിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതിക പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറാണ് സീരീസിന്റെ സ്ട്രീമിങ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ സ്ട്രീമിങ്ങില്‍ തടസ്സങ്ങള്‍ ഒന്നും തന്നെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റിലീസിന് മുമ്പ് തന്നെ സീരിസിന്റെ ഒന്നാം എപ്പിസോഡ് ഇന്റര്‍നെറ്റില്‍ ലീക്കായിരുന്നു. ടെലഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ എപ്പിസോഡിന്റെ വ്യാജ പതിപ്പ് വ്യാപകമായിട്ടാണ് പ്രചരിസിച്ചിരുന്നു.

ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്റെ പുസ്തകമായ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയറിനെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുങ്ങുന്നത്.

പിതാവിന്റെ മരണശേഷം സഹോദരങ്ങളായ ഏഗോണ്‍ രണ്ടാമനും റെയ്‌നിറയും തമ്മിലുള്ള യുദ്ധമാണ് സീരിസിന്റെ ഇതിവൃത്തം. ഈ സംഘര്‍ഷം ടാര്‍ഗേറിയന്‍സിനെ വെസ്റ്റെറോസിലെ ഏറ്റവും ശക്തമായ ഹൗസാക്കി മാറ്റുന്നു. മിഗുവല്‍ സപോചിക് സംവിധാനം ചെയ്യുന്ന സീരിസില്‍ എമ്മ ഡി ആര്‍സി, മാറ്റ് സ്മിത്ത്, റയ്‌സ് ഇഫാന്‍സ്, ഒലിവിയ കുക്ക് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2011ല്‍ ആരംഭിച്ച ഗെയിം ഓഫ് ത്രോണ്‍സ് സീരിസില്‍ ടാര്‍ഗെറിയന്‍, സ്റ്റാര്‍ക്, ലാനിസ്റ്റര്‍, ബാരാതീയന്‍, ഗ്രെജോയ്, ടൈറില്‍, മാര്‍ട്ടല്‍ എന്നീ ഏഴു കുടുംബങ്ങളുടെ അധികാര വടംവലിയാണ് കാണിച്ചത്. വെസ്റ്റെറോസിലെ അധികാരത്തിന്റെ അടയാളമായ ‘അയണ്‍ ത്രോണ്‍’ അഥവാ ‘ലോഹസിംഹാസന’ത്തിനായി ഇവര്‍ നടത്തുന്ന പോരാട്ടങ്ങളും അതിനോട് അനുബന്ധിച്ചുള്ള നിഗൂഢ രഹസ്യങ്ങളുമാണ് കഥയെ ആവേശോജ്വലമാക്കിയത്.

എമിലിയ ക്ലാര്‍ക്ക്, സോഫി ടര്‍ണര്‍, കിറ്റ് ഹാരിങ്ടണ്‍, മൈസി വില്യംസ്, ലെന ഹെഡി, പീറ്റര്‍ ഡിങ്കലേക്ക് കാള്‍ക്ക്, നിക്കോളാസ് കോസ്റ്റര്‍ എന്നിവരാണ് ഗായിക ഗെയിം ഓഫ് ത്രോണ്‍സില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയത്.

Content Highlight: Report says that Hbo Max server crashed due to House of the dragon streaming 

We use cookies to give you the best possible experience. Learn more