ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന് വിലാസിനി മെമ്മോറിയല്‍ എന്ന് പേരിട്ടതായി റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ തന്നെ ഹിറ്റ് ചിത്രം കുറുപ്പ്, ടൊവിനോ ചിത്രം ലൂക്ക എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്ന പ്രവീണ്‍ ചന്ദ്രനാണ് സിനിമയുടെ സംവിധായകന്‍.
ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് 17ന് ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കോമഡി എന്റര്‍ടെയ്‌നര്‍ ആയി എത്തുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍ ആകും ഒരുങ്ങുക. ദുല്‍ഖറിനൊപ്പം ഫുട്‌ബോള്‍ പ്രമേയമാക്കി മറ്റൊരു ചിത്രം പദ്ധതിയിട്ടിരുന്നുവെങ്കിലും തത്കാലത്തേക്ക് വേണ്ടെന്ന് വെച്ചതായും റിപ്പോര്‍ട്ടുണ്ട്.
കുഞ്ഞിരാമായണത്തിന് തിരക്കഥയൊരുക്കിയ ദീപു പ്രദീപ് ആണ് ദുല്‍ഖര്‍-പ്രവീണ്‍ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. പ്രേമം, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആനന്ദ്. സി ചന്ദറാകും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഉടനെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ 45 ദിവസത്തോളം നീണ്ടുനില്‍ക്കുന്നതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ തെലുങ്ക് ചിത്രം സീതാ രാമം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇതിനോടകം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടത്.
ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. ഹനു രാഘവപുടിയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ആദ്യ ദിനം കേരളത്തില്‍ 350 ഷോകളായിരുന്ന ചിത്രത്തിന് മൂന്നാം ദിവസം ആയപ്പോഴേക്കും അഞ്ഞൂറിലധികം ഷോകളായി ഉയര്‍ന്നിരുന്നു.
സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച സീതാരാമം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.
എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
Content Highlight: Report says that Dulquer Salmaan’s next titled as Vilasini Memorial