Advertisement
Entertainment news
'സാമ്രാജ്യം തിരിച്ചുപിടിക്കാന്‍ കിങ് ഖാന്‍ വരുന്നു'; ഡോണ്‍ 3 പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 20, 12:51 pm
Monday, 20th June 2022, 6:21 pm

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സീരീസാണ് ഡോണ്‍. ഹിന്ദി സിനിമയെ പുതിയ തലങ്ങളിലേക്കെത്തിച്ച ചിത്രം കൂടിയായിരുന്നു ഡോണ്‍. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2011ലാണ് പുറത്ത് വന്നത്.

ഇപ്പോഴിതാ താരരാജാക്കന്മാരെല്ലാം ഒന്നിച്ച ചിത്രത്തിന്റെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഡോണ്‍ മൂന്നാം ഭാഗത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങി എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

2006ല്‍ പുറത്തുവന്ന ഡോണ്‍ 1978ല്‍ പുറത്തുവന്ന അമിതാഭ് ബച്ചന്‍ ചിത്രത്തിന്റെ ഔദ്യോഗിക റീമേക്ക് ആയിരുന്നു. അന്ന് അമിതാഭ് ബച്ചന്റെ ഡോണിന് വേണ്ടി തിരക്കഥ എഴുതിയത് ജാവേദ് അക്തറായിരുന്നു. അദ്ദേഹത്തിന്റെ മകനായ ഫര്‍ഹാന്‍ അക്തറാണ് ഷാറൂഖ് ഖാന് വേണ്ടി 2006ല്‍ ഡോണ്‍ എഴുതിയത്. പിന്നീട് അതിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി 2011ലും ഫര്‍ഹാന്‍ അക്തര്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയത്.

ഇപ്പോള്‍ മൂന്നാം ഭാഗവും ഒരുക്കുന്നത് ഫര്‍ഹാന്‍ തന്നെയാണ്. ഡോണ്‍ മൂന്നിനായുള്ള ചര്‍ച്ചകള്‍ ഫര്‍ഹാന്‍ അക്തര്‍ അച്ഛനുമായി നടത്തി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡോണ്‍ 3ന്റെ തിരക്കഥ പൂര്‍ത്തിയായാല്‍ ഉടനെ ചിത്രം പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഡോണ്‍ 3നായി കാത്തിരിക്കുകയാണ് ആരാധകര്‍.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനാണ് ഷാരൂഖ് ഖാന്റെ പുറത്തിറങാനിരിക്കുന്ന ചിത്രം. 2023 ജൂണില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ച് ഭാഷകളിലായിരിക്കും ജവാന്റെ റിലീസ്. ഷാരൂഖ് ഡബിള്‍ റോളിലെത്തുന്ന ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത് നയന്‍താരയാണ്. അന്വേഷണ ഉദ്യോഗസ്ഥ ആയിട്ടായിരിക്കും നയന്‍താര എത്തുക.

ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനാണ് ഷാരൂഖ് ഖാന്റെ മറ്റൊരു ചിത്രം. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തപ്‌സി പന്നു നായികയായ രാജ്കുമാര്‍ ഹിരാനിയുടെ ദുങ്കിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷാരൂഖിന്റെ ലിസ്റ്റിലുള്ള അടുത്ത ചിത്രം.

Content Highlight : Report says that Don 3 starring Sharuk khan intial discussions started